മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2010 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരള പ്രസ്‌ അക്കാദമി ചെയര്‍മാന്‍ എസ്‌.ആര്‍.ശക്തിധരന്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. ജനറല്‍ റിപോര്‍ട്ടിങ്‌ വിഭാഗത്തില്‍ കേരള കൗമുദി ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായ പി.പി.ജെയിംസിനാണ്‌ അവാര്‍ഡ്‌. 2010 ജൂണ്‍ 18 മുതല്‍ 30 വരെ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച റെയില്‍വേ റിക്രൂട്ട്മെന്റ്‌ തട്ടിപ്പിനെക്കുറിച്ചുള്ള ലേഖന പരമ്പരയാണ്‌ അവാര്‍ഡിനു അവാര്‍ഡ്‌ നേടിക്കൊടുത്തത്‌.
വികസനോന്‍മുഖ റിപോര്‍ട്ടിങ്‌ വിഭാഗത്തില്‍ അനീഷ്‌ ജേക്കബ്‌, കെ.ജി.മുരളീധരന്‍, വി.യു.മാത്യുക്കുട്ടി, രതീഷ്‌ രവി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കി 2010 മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ മൂന്നുവരെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഉന്നതം +2 വിദ്യാഭ്യാസം എന്ന ലേഖന പരമ്പരയ്ക്കാണ്‌ അവാര്‍ഡ്‌. ന്യൂസ്‌ ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയില്‍ 2010 ഏപ്രില്‍ ആറിനു പ്രസിദ്ധീകരിച്ച സമീര്‍ എ ഹമീദിന്റെ കൊമ്പ്‌ കുത്തിയ വിപത്ത്‌ എന്ന ഫോട്ടോയാണ്‌ അവാര്‍ഡിനു അര്‍ഹമായത്‌. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ മാതൃഭൂമിയില്‍ 2010 ഡിസംബര്‍ 22 നു പ്രസിദ്ധീകരിച്ച മറയ്ക്കാന്‍ ഒന്നുമില്ല- പ്രധാനമന്ത്രി എന്ന കെ.ആര്‍.ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ അവാര്‍ഡ്‌ നേടിക്കൊടുത്തു. ടി.വി വാര്‍ത്താ വിഭാഗത്തില്‍ കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ മാരത്തണ്‍ ഡ്രൈവിങ്‌ എന്ന ജിമ്മി ജെയിംസിന്റെ റിപോര്‍ട്ടിനാണ്‌ അവാര്‍ഡ്‌. ഏഷ്യാനെറ്റ്‌ ന്യൂസില്‍ 2010 ജനുവരി ആറ്‌, ഏഴ്‌ തിയതികളിലാണ്‌ വാര്‍ത്ത സംപ്രേഷണം ചെയ്തത്‌. ടി.വി വാര്‍ത്താ വിഭാഗത്തില്‍ ജീവന്‍ ടി.വി 2010 ജനുവരി 24 നു സംപ്രേഷണം ചെയ്ത നിഷാ കൃഷ്ണന്റെ അനധികൃത ജനിറ്റിക്‌ ക്ലിനിക്കുകളെക്കുറിച്ചുളള റിപോര്‍ട്ട്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും പ്രശംസയ്ക്കും അര്‍ഹമായി.
ടി.വി കാമറ വിഭാഗത്തില്‍ കൈരളി പീപ്പിള്‍ 2010 ഫെബ്രുവരി 12 നു സംപ്രേഷണം ചെയ്ത മാനിനെ വിഴുങ്ങിയ പാമ്പിന്റെ ദൈന്യത ചിത്രീകരിച്ച ആര്‍.കെ.ജയപ്രകാശ്‌ അവാര്‍ഡിനു അര്‍ഹനായി. ടി.വി കാമറ വിഭാഗത്തില്‍ സഫലമീ യാത്ര എന്ന തലക്കെട്ടോടെ പ്രശസ്ത കവി എന്‍.എന്‍.കക്കാടിന്റെ സഹധര്‍മിണി ശ്രീദേവി കക്കാടിനെക്കുറിച്ചു ചിത്രീകരിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്യാമറാമാന്‍ സുബീഷ്‌ ഗുരുവായൂര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹനായി. ഏഷ്യാനെറ്റ്‌ ന്യൂസില്‍ 2010 ഒക്ടോബര്‍ 18 നാണ്‌ ചിത്രം സംപ്രേഷണം ചെയ്തത്‌. വീഡിയോ എഡിറ്റിങ്‌ വിഭാഗത്തില്‍ ഇന്ത്യാവിഷന്‍ സപ്തംബര്‍ 11 നു സംപ്രേഷണം ചെയ്ത ഐവര്‍മഠം എന്ന ന്യൂസ്‌ സ്റ്റോറിയുടെ എഡിറ്റിങ്‌ നിര്‍വഹിച്ച വി.വിശ്വമോഹനാണ്‌ അവാര്‍ഡ്‌. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.
എന്‍.മുരളീധരന്‍, സി.ആര്‍.ഓമനക്കുട്ടന്‍, കെ.കെ.മധുസൂദനന്‍, സി.എം.അബ്്ദുര്‍റഹ്മാന്‍, കെ.എം.റോയ്‌, സി.രാധാകൃഷ്ണന്‍, കെ.പി.തിരുമേനി, സി.രതീഷ്കുമാര്‍, എസ്‌.രമേശ്‌ ബാബു, യേശുദാസന്‍, പി.വി.കൃഷ്ണന്‍, സുധീര്‍നാഥ്‌, ബൈജു ചന്ദ്രന്‍, കെ.ജ്യോതിഷ്കുമാര്‍, ഗിരിജാ സേതുനാഥ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്‌.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം