വിഴിഞ്ഞം പദ്ധതിക്ക്‌ 1490 കോടി കടമെടുക്കും

February 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്തരാഷ്ട്രതുറമുഖ പദ്ധതിക്ക്‌ വേണ്ടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 1490 കോടി രൂപ വായ്പയെടുക്കും. ഇതിന്‌ സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു. പൊന്നാനി തുറമുഖ വികസനത്തിനു ബിഡ്‌ ഇവാലുവേഷന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്ത മലബാര്‍ പോര്‍ട്സിന്റെ ഓഫര്‍ അംഗീകരിച്ചതായും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനര്‍ട്ടും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന്‌ കേരള റിന്യൂവബിള്‍ എനര്‍ജി ഡവലപ്പ്മെന്റ്‌ കമ്പനി എന്ന പേരില്‍ സംയുക്ത കമ്പനി രൂപവത്കരിക്കും. തിരുവനന്തപുരത്ത്‌ രജിസ്റ്റേര്‍ഡ്‌ ഓഫീസോടെ ഊര്‍ജ്ജ വകുപ്പിനു കീഴില്‍ സെന്റര്‍ ഫോര്‍ കപ്പാസിറ്റി ബില്‍ഡിങ്‌ ഇന്‍ ന്യൂ ആന്റ്‌ റിന്യൂവബിള്‍ എനര്‍ജി ആന്റ്‌ കണ്‍സര്‍വേഷന്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. സൊസൈറ്റിയുടെ മെമ്മോറാണ്ടം ഓഫ്‌ അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ്‌ അസോസിയേഷനും മന്ത്രിസഭായോഗം അംഗീകരിച്ചു.
കരിക്കകത്ത്‌ സ്കൂള്‍വാന്‍ മറിഞ്ഞ്‌ മരണപ്പെട്ട കുട്ടികളുടെയും ആയയുടെയും കുടുംബങ്ങള്‍ക്ക്‌ രണ്ടുലക്ഷം രൂപവീതം സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജ്‌ പ്രകാരമുള്ള 125 കോടി രൂപ ധനസഹായം അനുവദിക്കാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വര്‍ധിപ്പിച്ച തോതിലുള്ള നഷ്ടപരിഹാരം നല്‍കാനുള്ള 217 കോടി രൂപ അനുവദിക്കാനും കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം