മഹാശിവരാത്രിക്കായി ശിവാലയങ്ങളൊരുങ്ങി

March 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം : നാളെ നടക്കുന്ന മഹാശിവരാത്രി ആഘോഷത്തിനായി മഹാദേവ ക്ഷേത്രങ്ങള്‍ ഒരുങ്ങി. പാറശ്ശാല മുതല്‍ ആലുവ വരെ ദേവസ്വംബോര്‍ഡിന്റെ അധീനതിയലുള്ള എല്ലാശിവക്ഷേത്രങ്ങളിലും ശിവന്‍ ഉപപ്രതിഷ്ഠയുള്ള അമ്പലങ്ങളിലും ശിവരാത്രി തൊഴാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ സുഗമമായി ദര്‍ശനം നടത്താനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കിയതായി തിരുവിതാംകാര്‍ ദേവസ്വംബോര്‍ഡ്‌ അറിയിച്ചു.
ആലുവ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ആലുവ മണപ്പുറവും പരിസരവും കമനീയമായി വൈദ്യുതിദീപാലങ്കാരം നടത്തി. നിലവിലുള്ള 4 ഹൈമാസ്ക്ക്‌ ലൈറ്റുകള്‍ക്കുപുറമെ കൂടുതലായി ഒരുലൈറ്റുകൂടി സമാപിച്ചു. ക്ഷേത്രഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ആലുവ നദിയുടെ കുറുകെ താല്‍ക്കാലികമായി പാലം പണിതു. ശിവരാത്രി ദര്‍ശനത്തിനെത്തുന്നവരുടെ സുരക്ഷയ്ക്ക്‌ ആലുവ പുഴയോരത്ത്‌ ക്യൂ നില്‍ക്കുവാനായി മണപ്പുറത്തും താല്‍ക്കാലിക ബാരിക്കേഡുകള്‍ പണിതിട്ടുണ്ട്.
നദിയിലെ ചെളിവാരി ഭക്തജനങ്ങള്‍ക്ക്‌ കുളിയ്ക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. പുഴയിലെ ആഴമുള്ള സ്ഥലങ്ങളില്‍ അപകടം പതിയിരിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകളും സ്ത്രീകള്‍ക്ക്‌ വസ്ത്രം മാറുവാന്‍ മറപ്പുരകളും സ്ഥാപിച്ചു. ഭക്തജനങ്ങള്‍ക്ക്‌ ബലിയിടുന്നതിനായി 250ഓളം ബലിപുരയും നിര്‍മ്മിച്ചിട്ടുണ്ട്‌. പിതൃതര്‍പ്പണത്തിന്‌ കാര്‍മ്മികത്വം വഹിക്കാനായി പുരോഹിതന്മാര്‍ക്ക്‌ ലൈസന്‍സ്‌ നടത്തി. പുഴയിലും കടവിലും മണല്‍ നിറച്ച ചാക്കുകള്‍ സ്ഥാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം