ശിവരാത്രി: പെരിയാറിന്‍തീരത്ത്‌ ആയിരങ്ങള്‍ ബലിയര്‍പ്പിച്ചു

March 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലുവ:പെരിയാറിന്‍തീരത്ത്‌ ആയിരങ്ങള്‍ പിതൃക്കള്‍ക്ക്‌ ബലിയര്‍പ്പിച്ചു. മരണത്തിനപ്പുറമുള്ള അനശ്വരതീരങ്ങളില്‍നിന്ന്‌ തര്‍പ്പണമേറ്റു മടങ്ങാനെത്തിയ പൂര്‍വികരുടെ ആത്മാക്കളെ പഞ്ചാക്ഷരീ മന്ത്രധ്വനികളോടെ അവര്‍ സ്വീകരിച്ചപ്പോള്‍ പെരിയാറിന്റെ തീരങ്ങള്‍ ആത്മീയതയുടെ വേലിയേറ്റത്തില്‍ മുങ്ങി. മഹാശിവരാത്രി ആഘോഷത്തില്‍ പത്തുലക്ഷത്തോളം പേര്‍ പങ്കെടുത്തതായി കണക്കാക്കുന്നു. രാവിലെ മുതല്‍ മണപ്പുറത്തേക്ക്‌ ഭക്തജനങ്ങളുടെ പ്രവാഹം തുടങ്ങി. അര്‍ധരാത്രിയോടെ മണപ്പുറം ജനസാഗരമായി. തന്ത്രി ചേന്നാസ്‌ മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌, മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്‌ എന്നിവരുടെ കാര്‍മികത്വത്തിലാണ്‌ രാത്രിപൂജകള്‍ നടന്നത്‌. തുടര്‍ന്ന്‌ പെരിയാറിന്റെ തീരത്ത്‌ കെട്ടി ഉയര്‍ത്തിയ 300 ല്‍പരം ബലിത്തറകളില്‍ ബലിതര്‍പ്പണമാരംഭിച്ചു. ജനത്തിരക്ക്‌ നിയന്ത്രിക്കാനും ഭക്തജനങ്ങള്‍ക്ക്‌ വേണ്ടി സൗകര്യങ്ങളേര്‍പ്പെടുത്താനും വിപുലമായ സജ്ജീകരണങ്ങളാണ്‌ നഗരസഭയും ദേവസ്വം ബോര്‍ഡും ഒരുക്കിയത്‌. അപായസൂചനനല്‍കുന്നതിന്‌ നദിയില്‍ ആഴം കൂടുതലുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളുണ്ട്‌. ക്രമസമാധാനത്തിന്‌ എറണാകുളം റൂറല്‍ എസ്പി ടി. വിക്രമിന്റെ നേതൃത്വത്തില്‍ വന്‍പോലീസ്സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു. മുങ്ങല്‍വിദഗ്ധരുടെ സംഘംലൈഫ്‌ ബോട്ടില്‍ പുഴയില്‍ പട്രോളിംഗ്‌ നടത്തി. കെഎസ്‌ആര്‍ടിസിയും സ്വകാര്യബസ്സുകളും പ്രത്യേക സര്‍വീസുകള്‍ നടത്തി. സ്പെഷ്യല്‍ തീവണ്ടിസര്‍വീസും ഉണ്ടായിരുന്നു. മണപ്പുറത്തെ അയ്യപ്പസേവാസംഘം ഭജനമഠത്തില്‍ ഇന്നലെ വൈകിട്ട്‌ 6 മണിമുതല്‍ ഇന്ന്‌ രാവിലെ 6 മണിവരെ നീണ്ടുനില്‍ക്കുന്ന അഖണ്ഡ പഞ്ചാക്ഷരീജപം നടന്നു. സത്യസായി സേവാസമിതി മണപ്പുറത്ത്‌ 24 മണിക്കൂറും കുടിവെള്ളം വിതരണം നടത്തി. സേവാഭാരതിയുടെ 500 വോളണ്ടിയര്‍മാര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു. താലൂക്ക്‌ ആശുപത്രി, അമൃത ആശുപത്രി എന്നിവയുടെ വൈദ്യസഹായ യൂണിറ്റ്‌ മണപ്പുറത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. സേവാഭാരതി, ആര്‍എസ്‌എസ്‌ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.
ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിന്‌ സൗകര്യമൊരുക്കിയിരുന്നു. മൂവായിരം പേര്‍ക്ക്‌ ഒരേസമയം തര്‍പ്പണം നടത്താവുന്ന ക്രമീകരണമാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. സ്വാമി ശിവസ്വരൂപാനന്ദ, ജയന്തന്‍ ശാന്തി എന്നിവരാണ്‌ ആശ്രമത്തിലെ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.
ശിവപഞ്ചാക്ഷരിയാല്‍ മുഖരിതമായ കാലടി ശിവരാത്രി മണപ്പുറത്തേക്കും അണമുറിയാത്ത ഭക്തജനപ്രവാഹമായിരുന്നു. പിതൃസ്മരണയില്‍ ഉറക്കമൊഴിച്ച്‌ പിതൃമോക്ഷത്തിനായി പെരിയാറില്‍ ബലിതര്‍പ്പണം നടത്തുവാന്‍ ആയിരങ്ങളാണ്‌ ശിവരാത്രി മണപ്പുറത്തെത്തിയത്‌.
ശൃംഗേരി ആദിശങ്കര ക്ഷേത്രത്തിനും ശ്രീ ശങ്കരന്റെ സന്യാസജീവിതത്തിന്‌ നിമിത്തമായി തീര്‍ന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന മുതലക്കടവിനോടു ചേര്‍ന്നുള്ള ശിവരാത്രി മണപ്പുറത്തെ പെരിയാറില്‍ പിതൃബലി അര്‍പ്പിക്കുന്നത്‌ പുണ്യദായകമാണെന്നാണ്‌ വിശ്വാസം. ശൃംഗേരി ആദിശങ്കരജന്മഭൂമി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക്‌ പ്രവേശനത്തിനായി നടന്ന പ്രക്ഷോഭത്തിനൊടുവില്‍ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകിട്ടിയതിന്റെ സന്തോഷസൂചകമായിട്ടാണ്‌ 63 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശിവരാത്രി ആഘോഷം കാലടിയില്‍ പെരിയാറിലെ മണല്‍പ്പുറത്ത്‌ ആരംഭിച്ചത്‌.
രാത്രി 12 ന്‌ മഹാശിവരാത്രി പൂജകള്‍ക്കുശേഷം മണപ്പുറത്ത്‌ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളാണ്‌ പിതൃതര്‍പ്പണത്തിന്‌ ഒരുക്കിയിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം