സി.വി.സി നിയമനം അസ്ഥിരപ്പെടുത്തി

March 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: പി.ജെ.തോമസിനെ ചീഫ്‌ വിജിലന്‍സ്‌ കമ്മീഷണറായി നിയമിച്ച നടപടി സുപ്രീംകോടതി അസ്ഥിരപ്പെടുത്തി. പാമോയില്‍ കേസില്‍ പ്രതിയായ തോമസിനെ സിവിസിയായി നിയമിച്ചതിനെ ചോദ്യംചെയ്ത്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി.
പാമോയില്‍ കേസ്‌ പരിഗണിക്കാതെയാണ്‌ സി.വി.സി തെരഞ്ഞെടുപ്പ്‌ സമിതി ശുപാര്‍ശ നല്‍കിയതെന്നും അതുകൊണ്ടു തന്നെ നിയമനം നിയമവിധേയമല്ലെന്ന്‌ കോടതി അറിയിച്ചു. ചീഫ്‌ ജസ്റ്റീസ്‌ എസ്‌. എച്ച്‌. കപാഡിയ ജസ്റ്റീസുമാരായ കെ. എസ്‌. രാധാകൃഷ്‌ണന്‍ പണിക്കര്‍, സ്വതന്ത്രര്‍ കുമാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെയാണ്‌ വിധി.
പാമോയില്‍ കേസില്‍ പി.ജെ തോമസിനെതിരെ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട ആളാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാര്‍ സമിതി പരിശോധിച്ചിട്ടില്ല. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം വ്യക്തികള്‍ക്ക് നേരെയുള്ള എല്ലാ പരാമര്‍ശങ്ങളും പരിശോധിക്കണമായിരുന്നു. സി.വി.സി എന്നത് ഉന്നതമായ പദവിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ എന്നും സമിതി പരിശോധിക്കേണ്ടിയിരുന്നു. എന്നാല്‍ അത്തരം വിശദാംശങ്ങളിലേക്കു കടക്കാതെയാണ് ഇദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. ഇത്തരം നിയമനങ്ങള്‍ സമവായത്തിലായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജിലന്‍സ് കേസില്‍ പ്രതിയായ ഒരാള്‍ എങ്ങനെ മുഖ്യ വിജിലന്‍സ് കമ്മിഷണറായി എന്നും കോടതി ചോദിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടരുതെന്നും കോടതി അഭിപ്രായപ്പെട്ടു. പാമോയില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് തോമസ് വാദിക്കുന്നുണ്ടെങ്കിലും 2000 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അഞ്ചു തവണ ഇദ്ദേഹത്തിനെതിരേ പിഴയടയ്ക്കുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ എടുക്കണമെന്ന് നോട്ട് നല്‍കിയിരുന്നു. ഈ ശുപാര്‍ശകളും സര്‍ക്കാര്‍ സമിതി പരിശോധിച്ചില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
പി. ജെ. തോമസിന്റെ നിയമനം ചോദ്യം ചെയ്‌ത്‌ പ്രമുഖ അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷണും മുന്‍ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ലിങ്ങ്‌ദോ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാമോയില്‍ ഇറക്കുമതി അഴിമതി ക്കേസില്‍ തോമസിന്‌ എതിരെ കുറ്റപത്രം നിലവിലുണ്ട്‌. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി. കേരള സര്‍ക്കാര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി, പ്രോസിക്യൂഷന്‍ അനുമതിക്കുളള അപേക്ഷ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ തീരുമാനമാകാതെ നില്‍ക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
2ജി സ്പെക്ട്രം ഉള്‍പ്പടെയുള്ള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ആരോപണവുമായി പ്രതിപക്ഷം മുന്നോട്ട് വന്നിരിക്കുന്ന സാ‍ഹചര്യത്തില്‍ കനത്ത ഒരു തിരിച്ചടി കേന്ദ്രസര്‍ക്കാര്‍ ഈ വിധിയിലൂടെ നേരിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് മുന്നോട്ട് വച്ച വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പി.ജെ തോമസിനെ ആ സ്ഥാനത്ത് നിയമിച്ചത്. എന്നാല്‍ തോമസിന്റെ നിയമനത്തില്‍ സുഷമ സ്വരാജ് ശക്തമായി എതിര്‍ക്കുകയും ‘I disagree’ എന്ന് അവര്‍ രേഖകളില്‍ എഴുതുകയും ചെയ്തിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്ത് വന്നിരുന്നു. കേസിലുടനീളം സി.വി.സി നിയമനം ശരിയല്ലെന്ന നിലപാടായിരുന്നു സുപ്രീംകോടതിയും സ്വീകരിച്ചിരുന്നത്.
വാദത്തിനിടെ എന്ത് കൊണ്ട് സി.വി.സിയായി പി.ജെ തോമസ് തുടരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പി.ജെ തോമസിനെ സി.വി.സിആയി നിയമിച്ചുകൊണ്ടുള്ള തീരുമാനം എടുത്തുവെന്നും കോടതി ആരാഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം