സി ഡാറ്റിന്റെ കൈമാറ്റത്തെ കുറിച്ച് അന്വേഷിക്കണം: ഉമ്മന്‍ചാണ്ടി

March 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: സര്‍ക്കാര്‍ സംരംഭമായിരുന്ന സിഡാറ്റിനെ റിലയന്‍സിന് കൈമാറിയതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സി ഡാറ്റ് റിലയന്‍സ് കൈവശപ്പെടുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്നും പറയുന്ന കാര്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായ വ്യതിചലിച്ച നയമാണിത്. അതുകൊണ്ടുതന്നെ പ്രശ്‌നത്തെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യമാക്കേണ്ടതുണ്ട്-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സി ഡാറ്റ് റിയലന്‍സിന് കൈമാറിയതു വഴി സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാവുക മാത്രമല്ല, ഇത് സര്‍ക്കാരിന്റെ പൊതുനയത്തില്‍ നിന്നുള്ള വ്യതിചലനം കൂടിയാണ്. ഇതിന് പുറമെ സംസ്ഥാനത്തിന്റെ മുഴുവന്‍ അടിസ്ഥാന വിവരങ്ങളും ഇതുവഴി റിലയന്‍സിന് സ്വന്തമാവുകയാണ്. ഇത് അവര്‍ക്ക് അവരുടെ വാണിജ്യ ആവശ്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിക്കാനും കഴിയും. ആദ്യം ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത കമ്പനികള്‍ വേറെയായിരുന്നു. എന്നാല്‍, അത് റദ്ദാക്കുകയും സി ഡിറ്റും കെല്‍ട്രോണും അടക്കമുള്ള കമ്പനികളെ ഒഴിവാക്കിയുമാണ് റിലയന്‍സിന് കരാര്‍ നല്‍കിയത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സി. ഡിറ്റിനെയാണ് ഡാറ്റാ ബേസ് തയ്യാറാക്കാനുള്ള ചുമതല ഏല്‍പ്പിച്ചിരുന്നത്.
ഈ പ്രശ്‌നം പി.സി. ജോര്‍ജ് ആദ്യം ഉന്നയിക്കുകയും പിന്നീട് എഴുതി നല്‍കുകയും ചെയ്‌തെങ്കിലും എന്തു കൊണ്ടാണ് വി.എസ്. അച്യുതാനന്ദന്‍ ഇതിനെ കുറിച്ച് ഒന്നും പ്രതികരിക്കാതിരുന്നത്. ഏത് സാഹചര്യത്തിലാണ് സി ഡാറ്റിനെ റിലയന്‍സിന് കൈമാറിയതെന്ന് മുഖ്യമന്ത്രി വിദശീകരിക്കണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സീറ്റ് വിതരണം സംബന്ധിച്ച് യു.ഡി.എഫിന്റെ ഉഭയകക്ഷികള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യ ദിവസം ജെ.എസ്.എസുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച മുസ്ലീംലീഗുമായി ചര്‍ച്ച നടത്തും. മാര്‍ച്ച് എട്ട് മുതലായിരിക്കും രണ്ടാംവട്ട ചര്‍ച്ചകള്‍ ആരംഭിക്കുക. ജെ.എസ്.എസുമായി യതൊരുവിധ പ്രശ്‌നവുമില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം