കെ.ജി.ബിക്കെതിരായ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

March 4, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണനെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളാണ് അറ്റോര്‍ണി ജനറല്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ബാലകൃഷ്ണനെതിരായ ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക്‌ മാറ്റി. ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണനെതിരെയുള്ള പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത്‌ നടപടിയാണ്‌ സ്വീകരിച്ചതെന്ന്‌ കഴിഞ്ഞതവണ കേസ്‌ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു.
നടപടി സ്വീകരിച്ചത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌ കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌.
അതിനിടെ അദ്ദേഹത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരനായ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയ്ക്ക് അനുമതി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം