പടിപൂജ ഇന്നു മുതല്‍ ആരംഭിക്കും

January 16, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: തീര്‍ത്ഥാടന കാലത്തെ വലിയ തിരക്കുമൂലം നിറുത്തിവച്ചിരുന്ന പടിപൂജ ഇന്ന് (16ന്) പുനരാരംഭിക്കും. 19 വരെ പടിപൂജയുണ്ടാവും. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേകം പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പ്പം. ദീപാരാധനയ്ക്കു ശേഷമാണ് പടിപൂജ ആരംഭിക്കുക. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടക്കുക. പടികളില്‍ പട്ടുവിരിച്ച് നിലവിളക്കും ഒരുക്കുകളും വച്ചാണ് പൂജ. തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും പടികയറി ശ്രീകോവിലിലെത്തി അയ്യപ്പന് പായസം നിവേദിക്കുന്നതോടെ പടി പൂജ പൂര്‍ത്തിയാകും. പടിപൂജ നടക്കുന്ന സമയം അയ്യപ്പന്‍മാര്‍ക്ക് പടി കയറാനാവില്ല. പടിപൂജ നടത്തുന്നതിന് 75,000 രൂപ ദേവസ്വത്തില്‍ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യണം. 2033 വരെ പടി പൂജയുടെ ബുക്കിംഗ് ആയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍