ബഹിരാകാശ സഞ്ചാരി ജിന്‍ സെര്‍നാന്‍ അന്തരിച്ചു

January 17, 2017 രാഷ്ട്രാന്തരീയം

cernan-1-pbവാഷിങ്‌ടെണ്‍: ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി ജിന്‍ സെര്‍നാന്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് അന്ത്യം . അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് ട്വിറ്ററിലൂടെ സെര്‍നാന്‍ വിടവാങ്ങിയ വിവരം പുറത്തുവിട്ടത്.

1934 മാര്‍ച്ച് 14ന് ജനിച്ച സെര്‍നാന്റെ യഥാര്‍ത്ഥ പേര് യുജിന്‍ ആഡ്രോ സെര്‍നന്‍ എന്നാണ്. നാലുമക്കളും ഒന്‍പത് പേരക്കുട്ടികളും അടങ്ങുന്നതാണ് സെര്‍നാന്റെ കുടുംബം. 1972 ല്‍ ചന്ദ്രനിലേക്ക് തിരിച്ച അപ്പോളോ 17 ന്റെ കമാന്‍ഡറായിരുന്നു സെര്‍നാന്‍. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17.

അപ്പോളോ17 കമാന്‍ഡോ മോഡ്യൂള്‍ പൈലറ്റായ റൊണാള്‍ഡ് ഇവാന്‍സ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ സ്മിത്ത് എന്നിവരുടെ കൂടെയാണ് സെര്‍നാന്‍ ചാന്ദ്ര ദൗത്യത്തില്‍ പങ്കാളിയായത്. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് സെര്‍നാനും, ഹാരിസണ്‍ സ്മിത്തും കാലുകുത്തിയത്. ചന്ദ്രനിലെ അഗ്നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ഇവരുടെ ദൗത്യം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം