ബോംബ് ഉന്നം പിഴച്ചു: നൂറോളം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

January 18, 2017 രാഷ്ട്രാന്തരീയം

നൈജീരിയ: ബോര്‍ണോയുടെ തലസ്ഥാനമായ മൈദുഗുരി പ്രവിശ്യയില്‍ വ്യോമസേന ലക്ഷ്യം തെറ്റി ബോബിട്ടതിനെ തുടര്‍ന്ന് നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ റെഡ് ക്രോസിന്റെ സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.

ബോക്കോഹറാം ഭീകരരെ നേരിടാനുള്ള വ്യോമസേന വിമാനത്തില്‍ നിന്നാണ് ഉന്നം പിഴച്ച ബോംബ് അഭയാര്‍ത്ഥി ക്യാംപില്‍ വീണത്. ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നു ബോക്കോഹറാം ഭീകരരുടെ താവളം.

ബോക്കോ ഹറാം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെ അഭയാര്‍ഥി ക്യാംപിനുനേരെ അബദ്ധത്തില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് വ്യോമസേന വിശദീകരിച്ചു. അബദ്ധത്തിലുണ്ടായ ആക്രമണത്തില്‍ സൈന്യത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ബൊക്കോ ഹറാം ഭീകരര്‍ക്ക് നേരെ നൈജീരിയന്‍ സര്‍ക്കാര്‍ നിരന്തര പോരാട്ടത്തിലാണ്. ഇതിന് മുന്‍പും സൈന്യവും വ്യോമസേനയും നടത്തിയ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം പക്ഷത്തുള്ളവരെ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ നടുക്കത്തോടെയാണെങ്കിലും സമ്മതിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം