അര്‍ജുന്‍സിങ്ങിന്റെ സംസ്കാരം നാളെ

March 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിന്റെ സംസ്കാരം നാളെ നടക്കും. സ്വദേശമായ മധ്യപ്രദേശിലെ ചുര്‍ഹട്ടിലാണ്‌ സംസ്കാര ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് ഇന്ന് രാവിലെ ദല്‍ഹി അക്ബര്‍ റോഡിലുള്ള വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ മാസം 25നാണ് അര്‍ജുന്‍ സിങ്ങിനെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. നടക്കാന്‍ കഴിയാതിരുന്നതിനാല്‍ വീല്‍ ചെയറിലായിരുന്നു അദ്ദേഹം കഴിഞ്ഞ കുറേനാളുകളായി സഞ്ചരിച്ചിരുന്നത്.
മധ്യപ്രദേശില്‍ പ്രയോഗിക രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ അര്‍ജുന്‍സിംഗ്‌, മൂന്ന്‌ തവണ മുഖ്യമന്ത്രിയായി. കേന്ദ്ര മന്ത്രിസഭയില്‍ വാര്‍ത്താവിനിമയം, മാനവവിഭവശേഷി തുടങ്ങി പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌. പലതവണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗമായിരുന്ന അദ്ദേഹത്തെ ഇന്നലെ നടന്ന പുനസ്സംഘടനയില്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവായി നിയമിച്ചിരുന്നു.  സരോജ്‌ കുമാരിയാണ്‌ ഭാര്യ. എം.എല്‍.എ ആയ അജയ്‌ സിംഗ്‌, അഭിമന്യു, വീണ എന്നിവര്‍ മക്കളാണ്‌. മൃതദേഹം അക്ബര്‍ റോഡിലെ പതിനേഴാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. അര്‍ജുന്‍ സിങ്ങിന്റെ നിര്യാണത്തിന്റെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം