ശബരിമല നട അടച്ചു

January 21, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം 20ന് രാവിലെ ശബരിമല ക്ഷേത്രത്തിന്റെ തിരുനട അടച്ചു. രാവിലെ രാജപ്രതിനിധി പി. ജി. ശശികുമാരവര്‍മ്മ അയ്യപ്പദര്‍ശനം നടത്തി.

ആറുമണിക്ക് നട തുറന്ന് നിര്‍മാല്യദര്‍ശനവും അഭിഷേകവും മഹാഗണപതിഹോമവും നടന്നു. തുടര്‍ന്ന് സന്നിധാനത്ത് സൂക്ഷിച്ച തിരുവാഭരണ പേടകവുമായി പേടകവാഹക സംഘം പതിനെട്ടാം പടിയിറങ്ങി. അവസാനമായി കാനനവാസനെ ദര്‍ശിക്കുവാനുള്ള അവസരം രാജപ്രതിനിധിക്കായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് താക്കോലുമായി പതിനെട്ടാംപടിയിറങ്ങിയ രാജപ്രതിനിധിയെ ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മേല്‍ശാന്തി ടി. എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, ദേവസ്വത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധി മേല്‍ശാന്തിക്ക് കൈമാറി. അടുത്ത തീര്‍ത്ഥാടനകാലത്തെ പൂജാദികര്‍മങ്ങള്‍ക്കുള്ള പണക്കിഴി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നല്‍കി. ആചാരപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാന വിഹിതം രാജപ്രതിനിധിക്ക് ദേവസ്വം അധികൃതര്‍ കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍