12 രഹസ്യക്യാമറകള്‍ കൂടി സ്ഥാപിച്ചു

March 5, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ട്രാഫിക്‌ സിഗ്നല്‍ ലൈറ്റ്‌ ലംഘിക്കുന്നവരും പ്രധാന ജംക്‌ഷനുകളില്‍ അക്രമത്തിലോ മറ്റു സംഭവത്തിലോ ഏര്‍പ്പെടുത്തുന്നവരും ഇനി സദാ പൊലീസ്‌ നിരീക്ഷണത്തില്‍. അത്തരക്കാരെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും 12 സ്‌ഥലത്തു സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമില്‍ ഉദ്‌ഘാടനം ചെയ്‌തു. 15 സ്‌ഥലത്തുകൂടി ഉടന്‍ ക്യാമറ സ്‌ഥാപിക്കും. ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്തി ആ വാഹനത്തിന്റെ നമ്പര്‍ സഹിതം ഫോട്ടോയെടുത്തു പിഴ ഈടാക്കുന്ന സംവിധാനമാണു നിലവില്‍വന്നത്‌. കെല്‍ട്രോണാണ്‌ ഇതു വികസിപ്പിച്ചത്‌. മ്യൂസിയം ജംക്‌ഷനിലാണ്‌ ആദ്യ ക്യാമറ സ്‌ഥാപിച്ചത്‌. ചുവപ്പ്‌ ലൈറ്റ്‌ തെളിയുമ്പോള്‍ അതു ലംഘിച്ചു വാഹനം മുന്നോട്ടുപോയാല്‍ ഈ ക്യാമറ സ്വയം വാഹനത്തിന്റെ മൂന്നു ദിശകളിലെ ചിത്രം പകര്‍ത്തും.
നമ്പര്‍പ്ലേറ്റ്‌ വ്യക്‌തമാക്കുന്ന ചിത്രവും ഉണ്ടാകും. അതു കണ്‍ട്രോള്‍ റൂമില്‍ അപ്പോള്‍ തന്നെ ലഭിക്കും. തുടര്‍ന്നു മോട്ടോര്‍ വാഹന വകുപ്പുവഴി മേല്‍വിലാസക്കാരനു നോട്ടീസ്‌ അയച്ചു പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കില്‍ തെളിവു സഹിതം റിപ്പോര്‍ട്ട്‌ കോടതിക്കു കൈമാറും. രാത്രിദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശക്‌തിയേറിയ സെനോണ്‍ ഫ്‌ളാഷ്‌ ലൈറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌.
പാളയത്തു സീറ്റ്‌ബെല്‍റ്റ്‌ ധരിക്കാതെ കാറോടിച്ച ഡ്രൈവറുടെ ഫോട്ടോ പകര്‍ത്തിയാണു മന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. സ്‌ത്രീകള്‍ക്കാണ്‌ ഈ സംവിധാനത്തിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുകയെന്നു മന്ത്രി പറഞ്ഞു. സ്‌ത്രീകളെ ശല്യപ്പെടുത്തുന്നവര്‍, മാല പിടിച്ചുപറിക്കുന്നവര്‍, വാഹനമോഷ്‌ടാക്കള്‍ എന്നിവരെയെല്ലാം പിടികൂടാന്‍ ഈ സംവിധാനം പ്രയോജനപ്പെടുമെന്നു മന്ത്രി പറഞ്ഞു. ജനറല്‍ ആശുപത്രി, പാറ്റൂര്‍, പള്ളിമുക്ക്‌, പേട്ട, ഈഞ്ചയ്‌ക്കല്‍, പേരൂര്‍ക്കട, ചാക്ക, കുറവന്‍കോണം തുടങ്ങി 15 സ്‌ഥലത്തു കൂടി ഉടന്‍ ഇത്തരം ക്യാമറകള്‍ സ്‌ഥാപിക്കും. ഡിജിപി ജേക്കബ്‌ പുന്നൂസ്‌, കമ്മിഷണര്‍ എം.ആര്‍. അജിത്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം