സാധകനും മനസ്സും

March 5, 2011 സനാതനം

അധ്യായം – 2

മനോനിരോധം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

“മനോമത്തഗജേന്ദ്രസ്യ വിഷയോദ്യാനചാരിണഃ
നിയന്ത്രണേ സമര്‍ത്ഥോളയം നിനാദ നിശിതാങ്കുശ” – എന്ന്‌ ഹഠയോഗപ്രദീപിക മനസ്സിനെ വിഷയോദ്യാനത്തില്‍ വിഹരിക്കുന്ന മത്തഗജേന്ദ്രനോട്‌ തുസ്യമായി പറഞ്ഞിരിക്കുന്നു. നാദാനുസന്ധാനമാകുന്ന അങ്കുശമുപയോഗിച്ച്‌ മനസ്സിനെ നിയന്ത്രിക്കണമെന്നിവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നു. മഹദ്‌ഗ്രന്ഥങ്ങള്‍ ഒന്നും മനോനിഗ്രഹം കൂടാതെയുള്ള കൈവല്യപ്രാപ്‌തിയെ ഉപദേശിക്കുന്നില്ല. “മന ഏവ മഹത്‌ ബന്ധം”എന്ന്‌ ഓര്‍മ്മിപ്പിക്കുന്നതിലൂടെ സാധകന്‍ കടന്നുപോകേണ്ട മാര്‍ഗങ്ങളിലൂടെ ചരിക്കുന്ന പലരും വിവിധ സിദ്ധാന്തങ്ങളെ പിന്‍തുടരുന്നവരാണ്‌. മാര്‍ഗങ്ങളേതായാലും സിദ്ധാന്തങ്ങള്‍ വ്യത്യസ്‌തമായാലും മനസ്സിനെ നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈവെടിഞ്ഞില്ല. കര്‍മയോഗം, ജ്ഞാനയോഗം, അഷ്‌ടാംഗലക്ഷ്യം കൈവെടിഞ്ഞിട്ടില്ല. കര്‍മയോഗം, ജ്ഞാനയോഗം, അഷ്‌ടാംഗയോഗം, മന്ത്രയോഗം, ലയയോഗം തുടങ്ങിയ യോഗവൈവിധ്യങ്ങളും നാദാനുസന്ധാനം അഥവാ പ്രണവോപാസന, സഗുണോപാസന, ഭൂതോപാസന, മന്തോപാസന തുടങ്ങിയ ഉപാസനാവൈവിധ്യങ്ങളുമെല്ലാം മനസിനെ നിയന്ത്രിക്കുവാനും അതിനുവേണ്ടി ബന്ധകാരണങ്ങള്‍ വിശദീകരിക്കാനുമാണ്‌ തയ്യാറായിട്ടുള്ളത്‌. മനസ്സിനെ നിയന്ത്രിക്കുകയെന്ന ആവശ്യത്തിന്റെ പ്രാധാന്യം ഒരു ശാസ്‌ത്രസിദ്ധാന്തമായിത്തന്നെ പടര്‍ന്നുപന്തലിച്ചിട്ടുണ്ട്‌.
അനാദിയായ അജ്ഞാനം വാസനാബന്ധമാണ്‌. തന്മൂലമുണ്ടാകുന്ന അവിവേകം ഞാനെന്നും എന്റെയെന്നുമുള്ള ബന്ധത്തിന്‌ കാരണമാകുന്നു.
“ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്‌കെന്നറിക നീ ലക്ഷ്‌മണാ” എന്ന്‌ ലക്ഷ്‌മണനെ സാന്ത്വനപ്പെടുത്തുന്ന രാമന്റെ ഉപദേശവാക്യം അജ്ഞാനകാരണമായ ദേഹാഭിമാനത്തെയും അതില്‍നിന്നുണ്ടാകുന്ന അസ്‌മിതാദോഷത്തേയും നിരൂപിക്കുന്നു. ജ്ഞാനത്തിന്‌ കരിമറയായി നില്‍ക്കുന്ന മേല്‍പറഞ്ഞ ദോഷങ്ങളെ ശമദമാദികള്‍കൊണ്ട്‌ തരണം ചെയ്യാനുള്ള ഉപദേശം ജ്ഞാന മാര്‍ഗത്തിലെ അതിപ്രധാനമായ രീതിയാണ്‌. മനസ്സിനെ ആത്മവൈരിയെ പരാജയപ്പെടുത്തുകയെന്ന ഏകലക്ഷ്യം മാര്‍ഗവ്യത്യാസമെന്യെ ഇവിടെയും പ്രാധാന്യമര്‍ഹിക്കുന്നു. ഉപാധിഭേദങ്ങളോടുകൂടി നില്‍ക്കുന്ന ഉപാസനാവൈവിധ്യങ്ങളെല്ലാം ഇതേ കര്‍ത്തവ്യം തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌.
ഉപാസനാമാര്‍ഗങ്ങളില്‍ കടന്നുവരുന്ന പലര്‍ക്കും മാര്‍ഗത്തില്‍ സംഭവിക്കുന്ന സ്‌മൃതിഭ്രംശവും ഭ്രാന്തിദര്‍ശനങ്ങളും ലക്ഷ്യത്തിനു തടസ്സം സൃഷ്‌ടിക്കുന്നവയാണ്‌. സിദ്ധികളുടെ ആഗ്രഹങ്ങളില്‍ കുടുങ്ങിയും സിദ്ധപ്രയോഗങ്ങളില്‍ കര്‍മബാദ്ധ്യതകള്‍ സൃഷ്‌ടിച്ചും ഖ്യാതിക്കു വേണ്ടിചെയ്യുന്ന അകര്‍മങ്ങള്‍ ഒഴിവാക്കുന്നതിന്‌ ബന്ധങ്ങളുടെ സൂക്ഷ്‌മസ്വഭാവം ഉപനിഷത്ത്‌ വ്യക്തമാക്കുന്നുണ്ട്‌.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം