യാത്രാവിമാനങ്ങളില്‍ രഹസ്യ ക്യാമറ ഘടിപ്പിക്കും

March 6, 2011 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: യാത്രാ വിമാനങ്ങളുടെ  സുരക്ഷ വര്‍ദ്ധിപ്പിക്കാനായി വിമാനങ്ങള്‍ക്കകത്ത് രഹസ്യക്യാമറകള്‍ ഘടിപ്പിക്കാന്‍ നടപടികളായി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ക്യാമറകള്‍ ഘടിപ്പിക്കുന്നത്.

ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ മോക് ഡ്രില്ലിന് ശേഷമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ക്യാമറകള്‍ ഘടിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. യാത്രക്കാരുടെ ചലനങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തുന്നതിനാല്‍ വിമാനറാഞ്ചല്‍ പോലുള്ള പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാനാകും.

ഡല്‍ഹി വിമാനത്താവളത്തില്‍ നിലവില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാങ്കേതിക മേഖലയിലെ വി.ഐ.പി ഹാങ്ങറിനടുത്തുള്ള  ഇന്‍സിഡന്റ് ഹോള്‍ഡിങ് ഏരിയ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന വാഹനങ്ങളെ അപ്രതീക്ഷിതമായി പരിശോധിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനും  യാത്രക്കാരല്ലാത്തവര്‍ ടെര്‍മിനലിനകത്ത് കയറുന്നതും അറൈവല്‍-ഡിപാര്‍ച്വര്‍ മേഖലകളില്‍ ബാഗുകളുമായി സഞ്ചരിക്കുന്നതും നിയന്ത്രിക്കാനും സി.ഐ.എസ്.എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ക്കിങ് മേഖലകളിലും രഹസ്യക്യാമറകള്‍ സ്ഥാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍