ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

March 7, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. മൂന്നര പതിറ്റാണ്ടായി ജീവച്ഛവമായി കഴിയുന്ന മുംബൈ സ്വദേശിനിയെ ദയാവധത്തിനു വിധേയയാക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുംബൈയില്‍ നഴ്‌സായിരുന്ന അരുണാ ഷൗണ്‍ബാഗിനു വേണ്ടി എഴുത്തുകാരിയായ പിങ്കി വിരാനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രത്യേക കേസുകളില്‍ നിഷ്‌ക്രിയ ദയാവധം ഹൈക്കോടതിയുടെ അനുമതിയോടെ ആകാമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. ഭക്ഷണവും മരുന്നും ഉപേക്ഷിച്ചുള്ളമരണം അനുവദിക്കാം. ഇതിനായി പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മുംബൈയിലെ കിംഗ് എഡ്വേഡ് സ്മാരക ആസ്പത്രിയിലെ ജീവനക്കാരന്‍ ബലാത്സംഗംചെയ്യാനുള്ള ശ്രമത്തിനിടയിലാണ് അരുണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നായ്ക്കളെ കെട്ടുന്ന ചങ്ങല അരുണയുടെ കഴുത്തില്‍ മുറുക്കി വലിക്കുകയായിരുന്നു. തുടര്‍ന്ന് തലച്ചോറിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലാവുകയും ചെയ്തു. കാഴ്ചയില്ല. കേള്‍ക്കാനും കഴിയില്ല. അരച്ച ഭക്ഷണമേ നല്‍കാന്‍ കഴിയൂ. 60 വയസ്സായി ഇപ്പോള്‍ അരുണയ്ക്ക്. ജീവച്ഛമായി കിടക്കുന്ന സ്ഥിതിക്ക് ദയാവധത്തിനു അനുവദിക്കണമെന്നാണ് പിങ്കി വിരാനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഭരണഘടനയിലോ ക്രിമിനല്‍ ചട്ടങ്ങളിലോ ദയാവധത്തിന് വ്യവസ്ഥയില്ലെന്ന കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആനുകൂല്യം ദുരുപയോഗം ചെയ്യാന്‍ ചെറിയൊരംശമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതിയെ സഹായിക്കുന്നതിന് നിയമിച്ച അഭിഭാഷകനായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി. ആര്‍. അന്ത്യാര്‍ജുന അഞ്ച് നിര്‍ദേശങ്ങളാണ് കോടതിക്ക് നല്‍കിയത്.
ഒന്ന്-അരുണാ ഷൗണ്‍ബാഗിന്റെ ആഗ്രഹം എന്താണെന്ന് വ്യക്തമല്ല. രണ്ട്-അവരുടെ യഥാര്‍ഥ പ്രതിനിധി ആരാണെന്ന് കണ്ടെത്തണം. മൂന്ന്-37 കൊല്ലമായി അവരെ പരിചരിക്കുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അതിനര്‍ഹര്‍ എന്ന് കരുതാം. നാല്-ആ സാഹചര്യത്തില്‍ ആസ്പത്രി ഡീനിനെ അവരുടെ യഥാര്‍ഥപ്രതിനിധിയായി കരുതണം.അഞ്ച്-അരുണയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണം.
കിംഗ് എഡ്വേഡ് ആസ്പത്രി അധികൃതരും ഇതേ നിലപാടുതന്നെയാണ് എടുത്തത്. 37 കൊല്ലമായി അരുണയെ ആസ്പത്രിയിലെ നഴ്‌സുമാരും മറ്റും കാര്യമായാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു. സ്വഭാവിക മരണത്തിന് അവര്‍ക്ക് അവകാശമുണ്ട്. ദയാവധത്തിന് അനുമതി നല്‍കുന്നത് അവരെ ഇത്രയുംകാലം പരിചരിച്ചവരുടെ മനോവീര്യത്തെ തകര്‍ക്കുന്നതായിരിക്കും. ദയാവധത്തിനാണെങ്കില്‍ പിന്നെയെന്തിന് ഇത്രയും കാലം പരിചരിച്ചുവെന്ന ചോദ്യം അവരുടെ മനസ്സിലുയരുമെന്ന് ആസ്പത്രിക്കുവേണ്ടി ഹാജരായ വല്ലഭ് സിസോഡിയ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ദയാവധഹര്‍ജി നിരസിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം