മെഡിക്കലിന്‌ ഇനി ഏകീകൃത പ്രവേശന പരീക്ഷ

March 7, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിനും മെഡിക്കല്‍ പിജി കോഴ്‌സുകള്‍ക്കും ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്‌. കേന്ദ്ര സര്‍ക്കാരിനാണു കോടതി നിര്‍ദേശം നല്‍കിയത്‌. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ അപേക്ഷ പരിഗണിച്ചാണു കോടതി നിര്‍ദേശം. ജസ്‌റ്റിസ്‌ ആര്‍. വി രവീന്ദ്രന്‍, കെ. കെ പട്‌നായിക്‌ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു വിധി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ നടത്തിപ്പിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പാനല്‍ ഇത്തരത്തില്‍ ഒരു ഏകീകൃത പ്രവേശന പരീക്ഷയ്‌ക്കു ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ തമിഴ്‌നാട്‌ ഉള്‍പ്പെടെ ചില സംസ്‌ഥാനങ്ങളുടെ എതിര്‍പ്പു മൂലം വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്‌. സംസ്‌ഥാനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ ഏതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.
മെഡിക്കല്‍ പ്രവേശനത്തിനായി പത്തോ അതിലധികമോ പരീക്ഷകള്‍ എഴുതുന്നതിലൂടെ വിദ്യാര്‍ഥിക്കും കുടുംബത്തിനും ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ ഇത്‌ ഉപകരിക്കുമെന്ന്‌ ഏകീകൃത പരീക്ഷയ്‌ക്ക്‌ ശുപാര്‍ശ നല്‍കിയ പാനലിലെ അംഗം ഡോ. ദേവി ഷെട്ടി അഭിപ്രായപ്പെട്ടു. വേറിട്ട മെഡിക്കല്‍ പരീക്ഷകള്‍ക്ക്‌ ഹാജരാകാന്‍ വിദ്യാര്‍ഥി നിര്‍ബന്ധിതനാകുന്ന അവസ്‌ഥ പുതിയ തീരുമാനം ഒഴിവാക്കുമെന്ന്‌ പാനല്‍ അധ്യക്ഷനായിരുന്ന ഡോ. എസ്‌. കെ. സരിന്‍ അഭിപ്രായപ്പെട്ടു.
അഖിലേന്ത്യാ, സംസ്‌ഥാന പ്രവേശന പരീക്ഷകള്‍ക്കു പുറമേ എഐഐഎംഎസ്‌, സിഎംസി വെല്ലൂര്‍, സ്വകാര്യ മാനേജ്‌മെന്റുകള്‍, കോമെഡ്‌ കെ, സെന്റ്‌ ജോണ്‍സ്‌ ബാംഗ്ലൂര്‍, എഎഫ്‌എംസി പുണെ, ജിപ്‌മെര്‍ പുതുച്ചേരി, ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി, സിഎംസി ലുധിയാന, അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, അമൃത ഇന്‍സ്‌റ്റിറ്റിയൂട്ട്‌, വാര്‍ധ എംജി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങിയവയുടെയെല്ലാം പ്രവേശന പരീക്ഷകള്‍ എഴുതേണ്ട ഗതികേടിനാണ്‌ ഇതോടെ അന്ത്യമാവുക. സര്‍ക്കാര്‍ മേഖലയിലെ 138 കോളജുകളും സ്വകാര്യമേഖലയിലെ 133 കോളജുകളും ഉള്‍പ്പെടെ മൊത്തം 271 മെഡിക്കല്‍ കോളജുകളിലേക്കും പൊതു പരീക്ഷയിലൂടെയായിരിക്കും പ്രവേശനം.
രാജ്യത്താകെ 30,000 എംബിബിഎസ്‌ സീറ്റുകളും 11,000 എംഡി സീറ്റുകളുമാണുള്ളത്‌. ഇവയിലെ പ്രവേശനത്തിനു പല തലങ്ങളില്‍ അനേകം പരീക്ഷകള്‍ നടക്കുന്നത്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ദുരിതമായിരുന്നു. അവസരം നിഷേധിക്കപ്പെടുംവിധം ചില പരീക്ഷകളുടെ തീയതികള്‍ ഒരുമിച്ചാവുകയോ കേന്ദ്രങ്ങള്‍ അകലെയാവുകയോ ചെയ്യാറുമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം