ഭാരതം ബഹിരാകാശനിലയം നിര്‍മ്മിക്കാന്‍ സജ്ജമാണ്: ഐ.എസ്.ആര്‍.ഒ

February 21, 2017 ദേശീയം

ISRO-pbഇന്‍ഡോര്‍: ഭാരതം സ്വന്തം നിലയില്‍ ബഹിരാകാശനിലയം സ്ഥാപിക്കാന്‍ സജ്ജമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു. രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ സ്ഥാപകദിന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്‍ഡോറില്‍ എത്തിയതായിരുന്നു അദ്ദേഹം. 104 ഉപഗ്രഹങ്ങളുമായി ഒറ്റവിക്ഷേപണത്തില്‍ പി.എസ്.എല്‍.വി ചരിത്രം സൃഷ്ടിച്ചതിനു തൊട്ടു പിന്നാലെയാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.

ബഹിരാകാശനിലയം നിര്‍മ്മിക്കുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുളള പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഓയ്ക്ക് ഒരു ഉപഗ്രഹനിലയം സ്ഥാപിക്കുന്നതിനുളള സാങ്കേതികവിദ്യയടക്കമുളള എല്ലാം സജ്ജമാണ്. രാജ്യം ഇതിനായുളള തീരുമാനമെടുക്കുന്ന നിമിഷം തന്നെ ഐ.എസ്.ആര്‍.ഒ അതിനു ഒരുങ്ങും. ഇതിനായി നയരൂപീകരണം നടത്തുകയും ആവശ്യമായ ഫണ്ടുകള്‍ യഥാസമയം അനുവദിക്കുകയും ചെയ്താല്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മനുഷ്യസാന്നിദ്ധ്യമുളള ഉപഗ്രഹനിലയത്തിന്റെ നിലവിലെ ആവശ്യകതകളേക്കുറിച്ചും, അത് ഉടനേയുണ്ടാക്കാവുന്ന നേട്ടങ്ങളേക്കുറിച്ചും ചിന്തിക്കുന്നതു കൊണ്ടു മാത്രമാണ് ഇതിനായി കാലതാമസമുണ്ടാകുന്നതെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുളള ഒരു പദ്ധതിയെന്ന നിലയില്‍ ചിന്തിച്ചാല്‍ ഉടന്‍ തന്നെയെന്ന തീരുമാനമാകും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം