സിപിഎം നീക്കത്തില്‍ ദുരൂഹത- വി.മുരളീധരന്‍

March 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കാസര്‍കോട്‌: മുസ്ലീംലീഗിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച്‌ സിപിഎം ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകളില്‍ ദുരൂഹതയുണ്ടെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍.

ബിജെപി വര്‍ഷങ്ങള്‍ക്കു മുമ്പെ ഉന്നയിച്ച ഈ ആരോപണം മുഖവിലയ്ക്ക്‌ എടുക്കാന്‍ പോലും ഇരുമുന്നണികളും തയ്യാറായിരുന്നില്ല. മാറാട്‌ കൂട്ടക്കൊലയ്ക്കുശേഷം തീവ്രവാദികള്‍ അടുത്തുള്ള പള്ളി സുരക്ഷിത കേന്ദ്രമാക്കിയപ്പോള്‍ ഏതാനും ദിവസത്തിനുള്ളില്‍ ഇ.അഹമ്മദ്‌ അവിടം സന്ദര്‍ശിക്കുകയും അടച്ചിട്ട പള്ളി തുറന്ന്‌ അവിടെ നിസ്കരിച്ചശേഷം തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

അഹമ്മദിന്റെ അടുത്ത ബന്ധുവിന്‌ കൊടും തീവ്രവാദികളുമായി ബന്ധമുണ്ടെന്ന വസ്തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. എന്നാല്‍ ഒരു മന്ത്രിയായിട്ടു കൂടി ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര – കേരള സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ സഹായിക്കാന്‍ മുസ്ലീം ലീഗ്‌ എന്നും ഉത്സാഹം കാട്ടിയിരുന്നു. മലപ്പുറത്ത്‌ മാത്രം എന്‍ഡിഎഫു കാര്‍ പ്രതികളായിട്ടുള്ള 21 കേസുകള്‍ ലീഗിന്റെ സമ്മര്‍ദ്ദ പ്രകാരം സര്‍ക്കാര്‍ പിന്‍വലിച്ചു. കോഴിക്കോട്ട്‌ കള്ളനോട്ട്‌ പിടിച്ച സംഭവത്തില്‍ ലീഗിന്‌ ബന്ധമുണ്ട്‌. നാദാപുരത്തെ 5 ലീഗുകാര്‍ ബോംബുണ്ടാക്കുമ്പോള്‍ കൊല്ലപ്പെട്ടത്‌ ലീഗിന്റെ തീവ്രവാദ ബന്ധത്തിന്‌ തെളിവാണ്‌. എന്നാല്‍ കഴിഞ്ഞ നാലെമുക്കാല്‍ കൊല്ലം ഇതിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ ലീഗിനെ സംരക്ഷിച്ച സിപിഎം ഇപ്പോള്‍ രംഗത്തുവരുന്നതില്‍ ദുരൂഹതയുണ്ട്‌. ലീഗിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ മുരളീധരന്‍ ആവശ്യപ്പെട്ടു. ലോട്ടറി കേസില്‍ കേന്ദ്ര – കേരള സര്‍ക്കാരുകള്‍ ഒളിച്ചുകളി നടത്തുകയാണ്‌. കത്തു വിവാദത്തില്‍ ഇരു സര്‍ക്കാരുകളും ജനങ്ങള്‍ക്കു മുന്നില്‍ നാടകം കളിക്കുകയാണ്‌, അദ്ദേഹം പറഞ്ഞു.ബിജെപി കാസര്‍കോട്‌ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം