രണ്ടുരൂപയ്ക്ക് റേഷനരി :തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പറയുന്നതില്‍ ന്യായീകരണമില്ല

March 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:രണ്ടുരൂപയ്ക്ക് റേഷനരി പദ്ധതി നടപ്പാക്കുന്നതില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരി 23ന്‌ ചേര്‍ന്ന്‌ മന്ത്രിസഭായോഗമാണ്‌ രണ്ട്‌ രൂപയ്ക്കുള്ള അരി എ.പി.എല്‍, ബി.പി.എല്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചത്‌. നേരത്തെ ഇത്‌ 40 ലക്ഷം കുടുംബങ്ങള്‍ക്കാണ്‌ നല്‍കി വന്നത്‌. 25ന് തീയതി അതു സംബന്ധിച്ച ഉത്തരവ്‌ സര്‍ക്കാര്‍ പുറത്തിറക്കി. മാര്‍ച്ച്‌ ഒന്നിന്‌ വൈകിട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിക്കുകയും, പെരുമാറ്റച്ചട്ടം അന്ന്‌ നിലവില്‍ വരികയും ചെയ്‌തു. എന്നാല്‍ അത്‌ അരി നല്‍കുമെന്ന പ്രഖ്യാപനത്തിന്‌ ബാധകമാകുമെന്ന്‌ പറയുന്നതില്‍ ന്യായീകരണമില്ലെന്നും വി.എസ്‌ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം മമതാ ബാനര്‍ജി നടത്തിയ പ്രഖ്യാപനം കേന്ദ്രത്തിന്‌ ബാധകമല്ലേയെന്നും വി.എസ്‌. ചോദിച്ചു. തമിഴ്‌നാട്ടില്‍ പെട്രോളിന്റെ നികുതിയില്‍ കുറവ്‌ വരുത്തിയ പ്രഖ്യാപനവും ഉണ്ടായെന്നും വി.എസ്‌ പറഞ്ഞു. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദ്ദമായാണോ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഈ നടപടിയെന്ന ചോദ്യത്തിന്‌ അതേയെന്ന്‌ വി,എസ്‌ മറുപടി നല്‍കി. തീരുമാനത്തിന്‌ പിന്നില്‍ പ്രമുഖ നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്‌ധിച്ച്‌ ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.2006ല്‍ അങ്ങയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട്‌ വീട്ടിലൊക്കെ അര്‍ദ്ധരാത്രിയൊക്കെ വരേണ്ടിവന്നല്ലോ എന്ന്‌ പത്രലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങള്‍ മുമ്പും ക്ലേശിക്കുകയും പ്രയാസപ്പെടുകയും ചെയ്‌തതില്‍ സന്തോഷമുണ്ടെന്നായിരുന്നു മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം