എ.ടി.എമ്മില്‍ 2000ത്തിന്റെ വ്യാജ കറന്‍സി കണ്ടെത്തി

February 26, 2017 ദേശീയം

ഷാജഹാന്‍പൂര്‍: ഡല്‍ഹിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മില്‍ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ കണ്ടെത്തിയ സംഭവത്തിനു ദിവസങ്ങള്‍ക്കകം ഉത്തര്‍ പ്രദേശിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മില്‍ നിന്നും വ്യാജ കറന്‍സി ലഭിച്ചത്.

2000 രൂപ നോട്ടിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയാണ് ഇവിടുത്തെ എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്. പ്രദേശവാസിയായ പുനീത് ഗുപ്ത എന്നയാള്‍ 10,000 രൂപ എ.ടി.എമ്മില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. എ.ടി.എം നല്‍കിയ അഞ്ച് 2000 രൂപ നോട്ടുകളില്‍ ഒരെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് എ.ടി.എമ്മിലുണ്ടായിരുന്ന മറ്റുളളവരോടൊപ്പം ഇയാള്‍ ബാങ്കില്‍ എത്തി പരാതി നല്‍കി. ബാങ്ക് ജീവനക്കാര്‍ സംഭവത്തില്‍ ഗൂഢാലോചന നടത്തിയതായി ഉപഭോക്താക്കള്‍ ആരോപിച്ചു. ഗുപ്ത പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

വ്യാജ കറന്‍സി എങ്ങനെ എ.ടി.എമ്മിലെത്തിയെന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ എ.ടി.എമ്മില്‍ നിന്നും വ്യാജ കറന്‍സി ലഭിച്ച സംഭവത്തേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം