അഖില്‍ മുഖ്യമന്ത്രിയ്ക്ക് നന്ദി പറയാനെത്തി

February 28, 2017 കായികം

തിരുവനന്തപുരം: ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന റോള്‍ ബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലോക കപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അഖില്‍ മുഖ്യമന്ത്രിയെ കണ്ട് നന്ദി പറയാനെത്തി.

കോച്ച് നാസര്‍, റോള്‍ ബോള്‍ ഫെഡറേഷന്‍ ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് ജ്യോതിപ്രകാശ്, വട്ടിയൂര്‍ക്കാവിലെ അഖില്‍ സൗഹൃദ സംഘം ഭരവാഹികള്‍ എന്നിവര്‍ക്കൊപ്പം ചേമ്പറിലെത്തിയ അഖിലിനെ നിറഞ്ഞ ചിരിയോടെ ഹസ്തദാനം നല്‍കി മുഖ്യമന്ത്രി സ്വീകരിച്ചു. യുവ കായികപ്രതിഭ നല്‍കിയ മധുരം കഴിച്ചു. ഒപ്പം നിന്ന് ഫോട്ടോയെടുത്തും മുഖ്യമന്ത്രിയുടെ അനുഗ്രഹം നേടിയുമാണ് അഖില്‍ മടങ്ങിയത്. നിര്‍ധന കുടുംബാംഗമായ അഖിലിന് മുഖ്യമന്ത്രി നല്‍കിയ ഒരു ലക്ഷം രൂപയുടെ ധന സഹായമാണ് 2017 ഫെബ്രുവരി 14 മുതല്‍ 22 വരെ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും സുവര്‍ണനേട്ടം കൈവരിക്കാനും സഹായിച്ചത്. പൂനെയില്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിനുളള ഒരു ലക്ഷം രൂപയോളം വരുന്ന തുക കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു അഖില്‍. അഖിലിന്റെ അച്ഛന്‍ അനില്‍ കുമാര്‍ ഡ്രൈവറാണ്. അമ്മ ലിസി ഒരു സ്‌കൂളില്‍ ആയയും. അങ്ങനെയാണ് ജനുവരി 20ന് മുഖ്യമന്ത്രിയെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചത്. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സെലക്ഷന്‍ ലഭിക്കാതെവരുമെന്ന് മനസ്സിലാക്കി മുഖ്യമന്ത്രി ഉടന്‍ തന്നെ 50,000 രൂപയുടെ ധനസഹായം അനുവദിച്ചു. സെലക്ഷന്‍ ലഭിച്ച ശേഷം ബാക്കി തുകയും അനുവദിച്ചു. ധാക്ക ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെ തോല്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം