ബാലകൃഷ്ണപിള്ളയുടെ റിവ്യൂ ഹരജി തള്ളി

March 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: ഇടമലയാര്‍ കേസിലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ. സജീവന്‍ സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. മറ്റൊരു പ്രതിയായ രാമചന്ദ്രന്‍ നായരുടെ ഹരജി നാളത്തേക്ക് മാറ്റിവെച്ചു.

റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് രാവിലെ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജഡ്ജിമാരുടെ ചേമ്പറിലായിരുന്നു ഹരജി പരിഗണിച്ചത്. വിധി പുനപ്പരിശോധിക്കാന്‍ തക്ക കാരണങ്ങള്‍ റിവ്യൂ ഹരജിയില്‍ ഉന്നയിച്ചിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.ഇടമലയാര്‍ കേസിലെ 20 ആരോപണങ്ങളില്‍ 14 ലും വിചാരണക്കോടതി പിള്ളയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതി ഈ കേസുകളില്‍ പിള്ളയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. വിധിയില്‍ വസ്തുതാപരമായ ഒട്ടേറെ പോരായ്മകളുണ്ടെന്നും റിവ്യൂ ഹരജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം