ബ്ലോഗുകള്‍ നിയന്ത്രിക്കാന്‍ നീക്കം

March 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബ്ലോഗര്‍മാരെ നിയന്ത്രിക്കാന്‍ മറ്റ് രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും നിയമം വരുന്നു. 2000  ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാണ് ബ്ലോഗര്‍മാരെ നിയന്ത്രിക്കാനുള്ള ശ്രമം.സൈബര്‍  കഫേകളെയും ബ്ലോഗര്‍മാരെയും നിയന്ത്രിക്കുക വഴി രാജ്യത്ത് നടക്കുന്ന ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുകയും ആവശ്യമെങ്കില്‍ നിരോധിക്കുകയുമാണ് നിയമത്തിന്റെ ലക്ഷ്യം. ബ്ലോഗുകളില്‍ വരുന്ന ലേഖനങ്ങളോ കുറിപ്പുകളോ ഗ്രാഫിക്‌സുകളോ മറ്റ് ദൃശ്യങ്ങളോ നിരോധിക്കാന്‍ സര്‍ക്കാറിനാകും. മറ്റ് വായനക്കാര്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ നിയമലംഘനത്തിന്റെ പരിധിയില്‍പ്പെട്ടാല്‍ ബ്ലോഗ് ഉടമക്കും ശിക്ഷ ലഭിക്കും വിധമാണ് നിര്‍ദിഷ്ട നിയമമെന്ന് സൂചനയുണ്ട്. മറ്റുള്ളവരെയോ രാജ്യത്തെയോ അയല്‍ രാജ്യങ്ങളെയോ അപമാനിക്കുന്ന തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ബ്ലോഗെഴുത്തുകാരന്‍ കുടുങ്ങും. അപകീര്‍ത്തികരമായ കുറിപ്പുകള്‍, ആള്‍മാറാട്ടം നടത്തിയെഴുതുന്ന ബ്ലോഗുകള്‍, ഇന്ത്യന്‍ നിയമം കുറ്റകരമാക്കിയ വിഷയങ്ങളുടെ പ്രചാരണം, അശ്ലീലത, 18 വയസ്സിന് താഴെയുള്ളവരെ ഉപദ്രവിക്കുന്ന തരം എഴുത്തുകള്‍, ഏതെങ്കിലും പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, കോപ്പിറൈറ്റ് ലംഘനങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും കോട്ടം വരുത്തുന്നവ എന്നിവക്കും ശിക്ഷ ലഭിക്കും. ഇവ പരിശോധിക്കാന്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ‘ഇലക്‌ട്രോണിക് സിഗ്‌നേച്ചര്‍’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമെ ഇനി ബ്ലോഗെഴുത്ത് സാധ്യമാകൂ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം