സൂര്യപ്രകാശം കിണറുകളിലേക്ക് ലഭ്യമാക്കുന്നതു ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തും

March 7, 2017 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: സൂര്യപ്രകാശം നേരിട്ട് കിണറുകളിലേക്ക് ലഭ്യമാക്കുന്നത് ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നും മഴവെള്ളം കിണറ്റിലേക്ക് റീചാര്‍ജ് ചെയ്യുന്നത് ജലക്ഷാമം പരിഹരിക്കുന്നതിന് ഏറെ സഹായകരമാണെന്നും ജലത്തിന്റെ ഗുണനിലവാര പരിശോധന പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) പദ്ധതിയിന്‍കീഴില്‍ പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം പഞ്ചായത്തുകളിലെ നീര്‍ത്തട പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി. ജലത്തിന്റെ പി.എച്ച് മൂല്യം നിര്‍ണയിക്കലും ഇരുമ്പ്, ക്ലോറൈഡ്, നൈട്രേറ്റ്, ഫ്‌ളൂറൈഡ്, കോളിഫോം ബാക്ടീരിയ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തുകയായിരുന്നു ഗുണനിലവാര പരിശോധനയുടെ ലക്ഷ്യം. പെരിങ്ങര, നെടുമ്പ്രം, ആനിക്കാട്, മല്ലപ്പള്ളി, എഴുമറ്റൂര്‍, തോട്ടപ്പുഴശേരി പഞ്ചാത്തുകളില്‍പ്പെട്ട 1371 ജലസ്രോതസുകളിലെ ജലത്തിന്റെ ഗുണനിലവാര പരിശോധയാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പരിശോധനാ ഫലം ഗുണഭാക്താക്കള്‍ക്ക് നല്‍കി. പല ജലസ്രോതസുകളിലും പി.എച്ച് മൂല്യത്തിന്റെയും ക്ലോറൈഡിന്റെയും കുറവ് സ്ഥിരീകരിക്കപ്പെട്ടു. പരിശോധനയുടെ അടിസ്ഥാനത്തില്‍ ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുള്ള പരിഹാര നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതായും ജില്ലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ കിണര്‍ റീചാര്‍ജിംഗ് ഏറ്റെടുത്ത് നടത്തിവരുന്നതായും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ബാബു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍