ആറ്റുകാല്‍ പൊങ്കാല: അനന്തപുരി ഭക്തിയുടെ നിറവില്‍

March 11, 2017 പ്രധാന വാര്‍ത്തകള്‍

AB-2തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പുണ്യമുഹൂര്‍ത്തം സമാഗതമായി. രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറി. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ തെളിച്ചു. തുടര്‍ന്ന് അനന്തപുരിയിലെ പാതയോരങ്ങളിലെ ആയിരക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്കും അഗ്നിപകര്‍ന്നു.
പൊങ്കാല യജ്ഞത്തിന്റെ പുണ്യദിനത്തില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ അടക്കം ഒട്ടേറെ പ്രമുഖര്‍ പൊങ്കല അര്‍പ്പിക്കാന്‍ ഇത്തവണയും ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. ഭക്തരില്‍ പലരും ഇന്നലെ മുതല്‍ തന്നെ ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തി സ്ഥലം പിടിച്ചവരാണ്. ഉച്ചയ്ക്ക് ശേഷം 2.15നാണ് ഇത്തവണത്തെ പൊങ്കാല നിവേദ്യം.

ക്ഷേത്ര ഭരണസമിതിയും നഗരസഭയും വിവിധ സര്‍ക്കാര്‍വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാലയാണ് ഇത്തവണ. കെ.എസ്.ആര്‍.ടി.സിയും റെയില്‍വെ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഭക്തര്‍ക്ക് മികച്ച സേവനം ചെയ്യുന്ന മൂന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വനിതാ കമാന്റോകളെ ഉള്‍പ്പെടുത്തിയുള്ള കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 200 പിങ്ക് വളന്റിയര്‍മാര്‍ രംഗത്തുണ്ട്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍