കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും

March 14, 2017 കായികം

തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികള്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സി. 2016 ല്‍ നെഹ്രു സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ക്കായി 36.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 201617 ബജറ്റില്‍ 12.44 കോടി രൂപ സംസ്ഥാന സര്‍ക്കാരും 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, ഒന്നേ മുക്കാല്‍ കോടി ചെലവിലും മഹാരാജാസ് കോളേജ് ഗ്രൗണ്ട് രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ലോക കപ്പ് നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണം ഏപ്രില്‍ മാസത്തില്‍ നടത്താനും മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി. ദാസന്‍, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, നഗര വികസന വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം