ശബരിമലയില്‍ ഇന്ന്‌ കൊടിയേറ്റ്‌

March 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. ഇന്ന്‌ രാവിലെ 10.35 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര്‌ രാജീവരരുടേയും മേല്‍ശാന്തി ഏഴിക്കോട്‌ മന ശശിനമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ്‌ കൊടിയേറ്റ്‌. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം 19ന്‌ ആറാട്ടോടെ സമാപിക്കും. ഉത്സവത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട്‌ 5.30ന്‌ മേല്‍ശാന്തി എഴിക്കോട്മന ശശിനമ്പൂതിരി തുറന്നു.
രണ്ടാം ഉത്സവമായ നാളെ മുതല്‍ പള്ളിവേട്ടയായ 18 വരെ ഉത്സവബലി. എല്ലാദിവസവും ഉച്ചയ്ക്ക്‌ 1.30 ന്‌ ഉത്സവബലിദര്‍ശനം, അഞ്ചാം ഉത്സവദിനമായ 14 മുതല്‍ 18 വരെ വിളക്കിനെഴുന്നെള്ളിപ്പ്‌ എന്നിവയുണ്ടായിരിക്കും. പള്ളിവേട്ട ഉത്സവമായ 18 ന്‌ രാത്രി10ന്‌ ശരംകുത്തിയില്‍ തയ്യാറാക്കുന്ന കുട്ടിവനത്തില്‍ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം ദിവസമായ 19ന്‌ ആറാട്ടോടെ ഉല്‍സവം സമാപിക്കും. രാവിലെ 10.30ന്‌ പമ്പയില്‍ പ്രത്യേകം തയ്യാറാക്കിയ ആറാട്ട്കുളത്തിലാണ്‌ ആറാട്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം