അളവുതൂക്കത്തിലും ഉല്പന്നങ്ങളുടെ ഗുണനിലവാരത്തിലും സംശയം തോന്നിയാല്‍ പരാതിപ്പെടാന്‍ മടിക്കരുത്

March 16, 2017 കേരളം

തിരുവനന്തപുരം: പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉത്പന്നങ്ങളെ സംബന്ധിച്ചും സേവനങ്ങളെക്കുറിച്ചും അറിയാനും കബളിപ്പിക്കപ്പെടാനിടയായാല്‍ നിയമ പരിരക്ഷയ്ക്കും ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കച്ചവടകേന്ദ്രങ്ങളിലും വ്യവസായ, വാണിജ്യ കേന്ദ്രങ്ങളിലുമെല്ലാം ആധുനിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഇക്കാലത്ത് ഉപഭോക്താവിന്റെ താത്പര്യ സംരക്ഷണത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് അതിപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. ഇടയ്ക്കിടെയുള്ള വിലവര്‍ധനയ്ക്കുപുറമേ അളവുതൂക്കത്തില്‍ വെട്ടിപ്പു കൂടിയായാല്‍ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും. അളവുതൂക്കത്തിലും മറ്റു കാര്യങ്ങളിലും സംശയം തോന്നിയാല്‍ ഉപഭോക്താക്കള്‍ പരാതിപ്പെടാന്‍ മടിക്കരുതെന്നും മന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണവും വകുപ്പില്‍ മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രശംസാപത്ര വിതരണവും മന്ത്രി നിര്‍വഹിച്ചു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, റിട്ട. കണ്‍ട്രോളര്‍ എസ്.എ. അസീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം