ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

March 17, 2017 പ്രധാന വാര്‍ത്തകള്‍

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ ജ്യോതി പ്രതിഷ്ഠിക്കുന്നു.

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ ജ്യോതി പ്രതിഷ്ഠിക്കുന്നു.

കൊല്ലൂര്‍: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ശ്രീമൂകാംബികയില്‍ നിന്നും കേരളത്തിലേക്കും മുംബൈയിലേക്കും കര്‍ണാടയിലുമായി മൂന്നു ശ്രീരാമരഥങ്ങളാണ് പരിക്രമണം ആരംഭിച്ചത്.

ഇന്നു രാവിലെ 8.05ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി.

ശ്രീമൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്നും മുംബൈ രാമഗിരിയിലേക്കുള്ള ശ്രീരാമനവമി രഥയാത്രക്കുള്ള ജ്യോതി സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും കര്‍ണാടകയില്‍ മംഗളുരുവിലേക്കുള്ള ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ജ്യോതി ശ്രീശക്തിശാന്താനന്ദ മഹര്‍ഷിയും ഏറ്റുവാങ്ങി.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍, ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത്, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി എസ്.കിഷോര്‍ കുമാര്‍, രഥയാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ശ്രീരാമരഥത്തില്‍ ജ്യോതിപ്രതിഷ്ഠിച്ചതിനുശേഷം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് മംഗലാപുരം മേഖലയിലേക്കുള്ള രഥപരിക്രമണത്തിന് തുടക്കമായി. നിരവധി ആശ്രമബന്ധുക്കളും ഭക്തജനങ്ങളും ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍