മൗലികവാദപ്രവണതകള്‍ തടയുന്നതില്‍ ജനമൈത്രി സംവിധാനത്തിന് വലിയ പങ്ക്: മുഖ്യമന്ത്രി

March 17, 2017 കേരളം

തിരുവനന്തപുരം: മൗലികവാദ പ്രവണതകളും വിധ്വംസക പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ ജനമൈത്രി പദ്ധതി പോലുള്ള കമ്യൂണിറ്റി പോലീസിങ് സംവിധാനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറേ വര്‍ഷങ്ങളായി കേരളത്തില്‍ മൗലികവാദപ്രവണതകളും സാമുദായിക ധ്രുവീകരണവും വര്‍ധിക്കുന്നുണ്ട്. വര്‍ഗീയവിഭാഗങ്ങളും നിക്ഷിപ്തതാല്പര്യക്കാരും പോലീസിനും സമൂഹത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ച പ്രചാരം ജനങ്ങളിലെത്തിച്ചേരാന്‍ ഇവരെ സഹായിക്കുന്നു. വിധ്വംസക ശക്തികളില്‍ നിന്നും ജനതയെ സംരക്ഷിക്കാന്‍ സാമൂഹികമായ ബോധവത്കരണം ശക്തമാക്കണം. വിധ്വംസക ചിന്തകള്‍ തടയാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അഴിമതി ചെറുക്കുന്നതിനും എല്ലാവര്‍ക്കും തുല്യപരിഗണന ലഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും വേണം. നീതി ഉറപ്പാക്കാനുള്ള നടപടികളും മതേതരത്വം സംരക്ഷിക്കുന്ന ഇടപെടലുകളും മൗലികവാദ പ്രവണതകളെ ചെറുക്കാനായി ജനമൈത്രി പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണം. ഇക്കാര്യത്തില്‍ ജനമൈത്രി പദ്ധതിയുടെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. മതേതര സമീപനം പുലര്‍ത്താനും അപകടകരമായ പ്രവണതകള്‍ തിരിച്ചറിയാനും പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. തെറ്റായ പ്രവണതകള്‍ക്കെതിരെ സത്വരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമത്തിലുള്ള അജ്ഞത കാരണം നിയമവ്യവസ്ഥയുമായുള്ള സംഘര്‍ഷത്തിലാകുന്നവരും നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. അതിനാല്‍ നിയമബോധവത്കരണം ജനമൈത്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ വരെ ലഭിച്ച മാതൃകാ പദ്ധതി എന്ന നിലയില്‍ എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി പദ്ധതി ഇപ്പോള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുമായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ജനമൈത്രീ പദ്ധതിക്ക് കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

എം. വിന്‍സന്റ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍, കോണ്‍ഫ്‌ളിക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്നി, പത്രപ്രവര്‍ത്തകനായ പ്രവീണ്‍ സ്വാമി എന്നിവര്‍ സംസാരിച്ചു. എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ സ്വാഗതവും തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം നന്ദിയും പറഞ്ഞു. ‘മൗലികവാദതീവ്രവാദ നിലപാടുകള്‍ വ്യാപിക്കുന്നത് തടയുന്നതില്‍ കമ്യൂണിറ്റി പോലീസിങ്ങിന്റെ പങ്ക്’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് വിവിധ സെഷനുകളില്‍ ചര്‍ച്ച നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം