ഭരണഭാഷാ അവാര്‍ഡ് തുക ഉയര്‍ത്തി

March 17, 2017 കേരളം

* ഈ വര്‍ഷം മുതല്‍ ക്ലാസ് ഒന്ന്, രണ്ട് ജീവനക്കാര്‍ക്കും ഭരണഭാഷാ പുരസ്‌കാരം നല്‍കും

തിരുവനന്തപുരം: ഭരണം പൊതുജനങ്ങളുടെ ഭാഷയായിരിക്കണമെന്ന് സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സംസ്ഥാനതല ഭരണഭാഷാ പുരസകാരങ്ങളുടെ തുക വര്‍ധിപ്പിച്ചു.

ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരത്തിന് ഒന്നാം സമ്മാനം 20,000 രൂപയായി നിലനിര്‍ത്തികൊണ്ട്, രണ്ടാം സമ്മാനം 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ലാസ് മൂന്ന് വിഭാഗത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പരിഗണിച്ച് നല്‍കുന്ന സംസ്ഥാന തല ഭരണഭാഷാ സേവന പുരസ്‌കാരത്തിന്റെ ഒന്നാം സമ്മാനം 10,000 രൂപയില്‍ നിന്നും 20,000 രൂപയായും രണ്ടാം സമ്മാനം 5,000 രൂപയില്‍ നിന്ന് 10,000 രൂപയായും വര്‍ദ്ധിപ്പിച്ചു. ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫര്‍മാര്‍ക്ക് സംസ്ഥാനതലത്തില്‍ നല്‍കുന്ന സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്‌കാരം ഒരാള്‍ക്ക്,5000 രൂപ നല്‍കിയിരുന്നത് രണ്ട് പേര്‍ക്കാക്കി. ഒന്നാം സമ്മാനമായി 20,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും നിശ്ചയിച്ചു. പുരസ്‌കാര തുക കൂടാതെ ഫലകവും സത്‌സേവന രേഖയും നല്‍കും. ക്ലാസ് മൂന്ന് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തില്‍ നല്‍കിവരുന്ന ജില്ലാതല ഭരണഭാഷാ പുരസ്‌കാരം 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ദ്ധിപ്പിച്ചും ഉത്തരവ് പുറപ്പെടുവിച്ചു.

ഈ വര്‍ഷം മുതല്‍ ക്ലാസ് ഒന്ന്, രണ്ട് ജീവനക്കാര്‍ക്കു കൂടി ഭരണഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കും. പുരസ്‌കാരത്തിനുളള നിശ്ചിത ഫേറത്തിലുളള അപേക്ഷ ജൂണ്‍ ഒന്നു മുതല്‍ സ്വീകരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം