തിരുവനന്തപുരം മൃഗശാലയില്‍ അക്വാട്ടിക് ഏവിയറി ഉദ്ഘാടനം ചെയ്തു

March 18, 2017 കേരളം

തിരുവനന്തപുരം മൃഗശാലയില്‍ ജലപക്ഷികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ തയ്യാറാക്കിയ അക്വാട്ടിക് ഏവിയറിയും നീര്‍നായകള്‍ക്ക് വേണ്ടി നിര്‍മിച്ച പരിബന്ധനവും വനംമൃഗശാല വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ഇതോടെ മൃഗശാലയിലെ ജലപക്ഷികള്‍ക്ക് ഇടുങ്ങിയ കൂട്ടില്‍ നിന്ന് ഒരേക്കറോളം വിസ്തൃതിയുള്ള തടാകമടക്കമുള്ള പുതിയ കൂട്ടില്‍ വിശാലമായി പറക്കാനും നീന്താനുമുള്ള സൗകര്യമായി.

സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള 2.94 കോടി ചെലവില്‍ നിര്‍മിച്ച ഏവിയറിയും കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 24 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച നീര്‍നായാ പരിബന്ധനവും ഇന്ത്യയിലെ മൃഗശാലകളില്‍ ഒന്നാം സ്ഥാനത്തു നിര്‍ത്താവുന്ന വികസനപ്രവര്‍ത്തനങ്ങളിലൊന്നാണെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മൃഗശാല ഇനിയും ഏറെ വികസിപ്പിക്കേണ്ടതുണ്ട്. മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള ഏതാണ്ട് മുപ്പതേക്കര്‍ സ്ഥലവും പൂര്‍ണമായും ഉപയോഗപ്പെടുത്തിയ അവസ്ഥയാണ്. ആഫ്രിക്കയില്‍ നിന്നടക്കം ഇനിയും മൃഗങ്ങള്‍ എത്തിച്ചേരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

13 ഏക്കര്‍ മാത്രമുള്ള തൃശൂര്‍ മൃഗശാല കൂടുതല്‍ സൗകര്യപ്രദമായി പൂത്തുരിലുള്ള 350 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ബജറ്റില്‍ അതിനായി തുക വകയിരുത്തിയിട്ടുണ്ട്. ആദ്യ ഗഡുവായി 30 കോടി രൂപ ലഭ്യമായിട്ടുണ്ട്. കോട്ടൂരില്‍ 150 ഏക്കര്‍ സ്ഥലത്ത് ആനകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാവുന്ന തരത്തില്‍ ആന പരിപാലന കേന്ദ്രം ഒരുക്കുന്നതിന് 105 കോടി രൂപ മാറ്റിവച്ചു. നാഗാലാന്‍ഡില്‍നിന്നുള്ള ഹിമാലയന്‍ കരടികളെ കേടുകൂടാതെ എത്തിക്കാനും നാഷണല്‍ സൂ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ആവാസ വ്യവസ്ഥ മൃഗശാലയില്‍ ഒരുക്കാനും സാധിച്ചത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

റെയില്‍വേ വഴി മൃഗങ്ങളെ എത്തിക്കാന്‍ സഹായങ്ങള്‍ നല്‍കിയ സതേണ്‍ റയില്‍വേ തിരുവനന്തപുരം സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ വി.സി. സുധീഷിന് മന്ത്രി ഉപഹാരം നല്‍കി. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍, മൃഗശാല സൂപ്രണ്ട് അനില്‍കുമാര്‍ ടി.വി. തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം