ദീര്‍ഘകാലമായി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നടപടി

March 20, 2017 കേരളം

തിരുവനന്തപുരം: ദീര്‍ഘനാളുകളായി വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നിയമം അനുശാസിക്കുന്ന പരിധിക്കപ്പുറം സൂക്ഷിക്കേണ്ടതില്ലെന്നും അപ്രകാരമുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

സംസ്ഥാനത്തെ മിക്ക ആശുപതികളിലും അനാഥമായ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട അവസ്ഥ നിലവിലുണ്ട്. അങ്ങനെയുള്ള മൃതദേഹങ്ങള്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സംസ്‌കരിക്കാറുള്ളത്. ചില സാഹചര്യങ്ങളില്‍ നിയമസാധുതയോടു കൂടി മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന സമയം ദീര്‍ഘിപ്പിക്കാറുമുണ്ട്. തൃശൂര്‍ മെഡിക്കല്‍കോളേജില്‍ റൊമാനിയക്കാരിയുടെ മൃതദേഹം അഞ്ച് മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

റൊമാനിക്കാരിയുടെ മൃതദേഹം അവകാശികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഉടന്‍ സംസ്‌കരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി ഡി.ജി.പി യോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി, തൃശൂര്‍ എസ്.പി ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശപൗരത്വത്തിന്റെ പേരില്‍ കോടതി നടപടികള്‍ ആവശ്യമെങ്കില്‍ അക്കാര്യം കൂടി പരിഗണിച്ച് നടപടികള്‍ കൈക്കൊള്ളും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം