ലിംഗസമത്വവും ബാലാവകാശവും സംരക്ഷിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുന്നിട്ടിറങ്ങണം: ഗവര്‍ണര്‍

March 20, 2017 കേരളം

തിരുവനന്തപുരം: ലിംഗസമത്വത്തെക്കുറിച്ചും ബാലാവകാശ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പ്രത്യേക താത്പര്യമെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വേനല്‍ സംഗമം’ എസ്.എ.പി ക്യാമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ കുറ്റകൃത്യങ്ങളിലേക്ക് വഴിതെറ്റുന്ന അവസ്ഥയില്‍ സമാധാനത്തിന്റെയും അഹിംസയുടേയും സഹിഷ്ണുതയുടേയും മാതൃകയായി തിരുത്തല്‍ശക്തിയായി മാറാന്‍ സ്റ്റുഡന്റ് പോലീസിനാകും. പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പരിശീലനവും മൂല്യങ്ങളും സാമൂഹ്യസേവനത്തിന് ഗുണകരമാകും. സമൂഹത്തിലെ ഭാവി നേതാക്കളായി വളരാനുള്ള പരിശീലനമാണിവിടെ ലഭിക്കുന്നത്. ബാല്യത്തില്‍നിന്ന് ഉത്തരവാദിത്വമുള്ള പൗരനാകാന്‍ വിദ്യാര്‍ഥികളെ ഇത് സഹായിക്കും. ഈ പരിവര്‍ത്തനം കുടുംബത്തോടും, സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ചുമതലാനിര്‍വഹണത്തിന് ശക്തി പകരും. 42,000 ല്‍ അധികമുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, കൊച്ചി റേഞ്ച്‌ െഎ.ജി പി. വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം