ഹരിത കാഴ്ചപ്പാടുകളുള്ള ബജറ്റുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

March 20, 2017 കേരളം

*ശുചിത്വം, കൃഷി, ജലം എന്നിവയ്ക്ക് ഊന്നല്‍

*സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകം പദ്ധതി

*തരിശുരഹിത ജില്ലയ്ക്ക് ശ്രമം

*ജലശ്രീ പദ്ധതി നാലുഘട്ടങ്ങളായി

തിരുവനന്തപുരം: ശുചിത്വം, കൃഷി, ജലം എന്നിവയിലൂന്നി ഹരിത ബജറ്റുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. 201718 വര്‍ഷത്തില്‍ 177,34,05143 കോടി രൂപ വരവും 176,47,99333 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേതെന്ന് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം നടത്തിയ ബജറ്റ് അവതരണത്തിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ.മധു പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം മിഷന്റെ പശ്ചാത്തലത്തില്‍ ഹരിതകാഴ്ചപ്പാടോടെയാണ് ഓരോ പദ്ധതിയെയും ജില്ലാ പഞ്ചായത്ത് ബജറ്റില്‍ സമീപിച്ചിരിക്കുന്നത്. ജില്ലയുടെ അടിസഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമം ബജറ്റിലൂടെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് കൊണ്ടുവന്നിട്ടുള്ള ജലശ്രീ പദ്ധതി നാലു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ജലസംരക്ഷണത്തിനായി ജനകീയ സര്‍വേ അടിയന്തരമായി നടത്തും. കുളങ്ങള്‍, ജലസംഭരണികള്‍ ഉള്‍പ്പെടെയുള്ളവയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും.

എല്ലാ വീടുകളിലും ജലസാക്ഷരതാ ക്യാമ്പയിന്‍, ജില്ലയിലുള്ള എല്ലാ സ്‌കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കിണര്‍ റീചാര്‍ജിങ് സംവിധാനം , വെള്ളായണി കായല്‍, അരുവിക്കര ഡാം, ജില്ലയിലെ പ്രധാന പുഴകള്‍, കുളങ്ങള്‍, നീരൊഴുക്കുള്ള പ്രദേശങ്ങള്‍ മുതലായവ നവീകരിക്കുക, കുടിവെള്ള സ്രോതസുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് സഹായകമായ വിധത്തില്‍ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് പദ്ധതിയിലുള്ളത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കിണറുകള്‍ക്ക് ആഴംകൂട്ടുന്നതിന് 15,000 രൂപയും ഇവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ നീട്ടുന്നതിന് 50 ലക്ഷം രൂപയും നല്‍കി കഴിഞ്ഞു.

അരുവിക്കര മുതല്‍ തിരുവനന്തപുരം വരെയുള്ള 12 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ഗ്രേറ്റ് വേ പദ്ധതിയും പരിഗണനയിലാണ്.ആസൂത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ സമിതികളിലെ ചര്‍ച്ചകള്‍ നടന്നുവരുന്നു.സൈക്കിള്‍ ട്രാക്ക്, നടപ്പാത, വഴിയോര ഉദ്യാനങ്ങള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയിലുള്ളത്. തിരുവനന്തപുരം ജില്ലയെ തരിശുരഹിത ജില്ലയാക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. 2986 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ തരിശായി കിടക്കുന്നത്. ഒരിഞ്ച് ഭൂമിപോലും തരിശില്ലാതെ കൃഷി ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ്, ഗ്രാമ, ബ്ലോക്ക് ജില്ലാതലത്തില്‍ ജനകീയ സമിതികളുണ്ടാക്കും. തരിശുസ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന നടപടികളും സ്വീകരിക്കും.

ജില്ലയില്‍ നടപ്പാക്കിവരുന്ന ജൈവസമൃദ്ധി പദ്ധതി ഊര്‍ജിതമാക്കും. ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെയും കണക്കെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവര്‍ക്ക് പഠനത്തിനായി നിശ്ചിത തുക സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി നടപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ കണ്ടെത്തുന്നതിനും ഫലപ്രദമായി തടയുന്നതിനും പദ്ധതികള്‍ നടപ്പാക്കും.രക്ഷ എന്ന പേരില്‍ കൊണ്ടുവന്നിട്ടുള്ള പദ്ധതിയില്‍ ഇപ്പോള്‍ 7000 ത്തോളം പെണ്‍കുട്ടികള്‍ കരാത്തെ പരിശീലനം കഴിഞ്ഞിട്ടുണ്ട്.ഈ വര്‍ഷം മധ്യത്തോടെ 10000 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുമെന്നും സെപ്റ്റംബറില്‍ ഇവരുടെ പ്രകടനം ജില്ലയില്‍ സംഘടിപ്പിട്ടുണ്ടെന്നും അഡ്വ.വി.കെ.മധു പറഞ്ഞു.

സ്‌കൂളുകളില്‍ നിര്‍ഭയ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.ബന്ധപ്പെട്ട സ്‌കൂളുകളിലെ മികവുറ്റ അധ്യാപകരെയും കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. ജില്ലയിലെ 30 സിഎച്ച്‌സികള്‍ കേന്ദ്രീകരിച്ച് ജന്‍ ഔഷധി ആരംഭിക്കും. ആലംബഹീനര്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതി നിലവില്‍ പള്ളിക്കല്‍, ഗരൂര്‍, കുറ്റിച്ചല്‍, ചെറുന്നിയൂര്‍, കഠിനംകുളം, പോത്തന്‍കോട്, ആര്യന്‍കോട്, കോട്ടുകാല്‍, കുന്നത്തുകാല്‍, വിതുര എന്നീ പത്തു പഞ്ചായത്തുകളില്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്തവര്‍ഷം വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇതു വിപുലീകരിക്കുമെന്നും വി.കെ.മധു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം