ജപ്പാനില്‍ സുനാമി

March 11, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന്‌ വന്‍ സുനാമി. ടോക്കിയോയുടെ കിഴക്കന്‍ തീരത്തുനിന്നും 125 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂകമ്പം ഉണ്ടായത്‌. സുനാമി തിരമാലകള്‍ കിലോമീറ്ററുകളോളം കെട്ടിടങ്ങളും വാഹനങ്ങളും അടക്കമുള്ള ഒഴുക്കി നീക്കി‌. വന്‍ ആള്‍നാശം ഉണ്ടായേക്കുമെന്നാണ്‌ ആദ്യറിപ്പോര്‍ട്ടുകള്‍.
പ്രദേശത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാല അടക്കം നിരവധി കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത്‌ ചെറുതും വലുതുമായ നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു. റഷ്യ, ഫിലിപ്പൈന്‍സ്‌, ഇന്തോനേഷ്യ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ഇന്ത്യന്‍ തീരത്തെ ബാധിക്കില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്‌. കടലില്‍ നിന്ന്‌ 13 അടിയിലേറെ (4 മീറ്റര്‍) ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചത്. മിയാഗിയില്‍ ഭീമന്‍ കപ്പല്‍ സുനാമിത്തിരയില്‍പ്പെട്ട്‌ ഒഴുകി നഗരാതിര്‍ത്തിയിലെ ബണ്ടില്‍ ഇടിച്ചു. ജപ്പാന്റെ കിഴക്കന്‍ തീരത്തിന്‌ 80 മെയില്‍ അകലെയാണ്‌ പ്രാദേശിക സമയം ഉച്ചയ്ക്ക്‌ 2.45ന്‌ (ഇന്ത്യന്‍ സമയം 11.55ന്‌) ശക്തമായ ഭൂകമ്പം ഉണ്ടായത്‌.
ടോക്യോ നഗരപ്രദേശങ്ങളിലുള്ള ബഹുനില മന്ദിരങ്ങള്‍ ഭൂകമ്പത്തില്‍ ആടിയുലഞ്ഞു. വെദ്യുതി തകരാറും തീപിടുത്തവുമുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക്‌ ഇറങ്ങിയോടി വാഹനങ്ങളില്‍ കയറി സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ പരക്കം പായാന്‍ തുടങ്ങി. അപ്പോഴാണ്‌ കടലില്‍ നിന്ന്‌ രാക്ഷസ തിരമാലകള്‍ അടിച്ചു കയറി പ്രളയം സൃഷ്‌ടിക്കാന്‍ തുടങ്ങിയത്‌. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളപ്പാച്ചിലില്‍ ഒഴുക്കിപ്പോയി.  ടോക്യോവിലെ വമ്പന്‍ ആഡിറ്റോറിയത്തില്‍ കൂഡന്‍ കൈകന്റെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ അസംഖ്യം ആളുകള്‍ക്ക്‌ പരിക്ക്‌ പറ്റി. കണ്ണാടി നിര്‍മ്മിതമായ ഷെല്‍ട്ടറുകള്‍ പലതും തകര്‍ന്നടിഞ്ഞു. ടെലിഫോണ്‍ സര്‍വീസുകള്‍ തകരാറിലായി.
ഇക്കഴിഞ്ഞ ബുധനാഴ്ചയും ജപ്പാനില്‍ 7.2 റിക്ടര്‍ തോതിലുള്ള ഭൂകമ്പം ഭീതി വിതച്ചിരുന്നു. സുനാമി മുന്നറിയിപ്പ്‌ അന്ന്‌ നല്‍കിയിരുന്നതായിരുന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ വീണ്ടും വന്‍ ഭൂകമ്പം ഉണ്ടായതോടെ കടല്‍ ജലനിരപ്പ്‌ കുതിച്ചുയര്‍ന്ന്‌ കരയിലേക്ക്‌ അടിച്ചു കയറുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍