ആരോഗ്യകരമായ കായികസംസ്‌കാരം വളര്‍ത്താന്‍ അടിസ്ഥാനസൗകര്യമൊരുക്കും: മന്ത്രി എ.സി. മൊയ്തീന്‍

March 24, 2017 കായികം

തിരുവനന്തപുരം: പുതിയതലമുറയെ ആരോഗ്യകരമായ കായികസംസ്‌കാരത്തിലേക്ക് വളര്‍ത്തിയെടുക്കാനും അതിനുള്ള അടിസ്ഥാനസൗകര്യവികസനത്തിനുമാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യവസായകായികവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ ഒരുക്കാനുള്ള പണിപ്പുരയിലാണ് കായികവകുപ്പിപ്പോള്‍. എല്ലാ പഞ്ചായത്തുകളിലും നല്ല സൗകര്യങ്ങളുള്ള സ്‌റ്റേഡിയമുണ്ടാകാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. രാജ്യത്തിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാവുന്ന കായികമികവിലേക്ക് കേരളത്തിനെ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാല്‍പ്പന്തുകളിയുടെ മേഖലയില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. ഫുട്‌ബോള്‍ മേഖലയിലുള്ള കേരളീയരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ മല്‍സരം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പൊതുഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഷീലാ തോമസ്, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, കായികയുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടനചടങ്ങിനെത്തുടര്‍ന്ന് കേരളവും ഉത്തരാഖണ്ഡും തമ്മിലുള്ള മല്‍സരവും നടന്നു. മാര്‍ച്ച് 27 വരെ തലസ്ഥാനത്ത് നടക്കുന്ന മല്‍സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് കള്‍ചറല്‍ ആന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡിന്റെ സഹകരണത്തോടെ കായികയുവജനകാര്യ ഡയറക്ടറേറ്റാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം