ഉമ്മന്‍ ചാണ്ടിയും രമേശും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും

March 12, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നേതാക്കളുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഇരുവരേയും ചുമതലപ്പെടുത്തിയത്. എ.കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസുദന്‍ മിസത്രി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.

സ്ഥാനാര്‍ഥികളാക്കേണ്ടവരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട മാനദണ്ഡം എ.ഐ.സി.സിയാകും തീരുമാനിക്കുക. യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും യോഗത്തില്‍ ധാരണയായി. മണ്ഡലങ്ങള്‍ കുത്തകയാക്കിവെക്കുന്നവര്‍ക്കെതിരെ യോഗത്തില്‍ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ജനങ്ങള്‍ അംഗീകരിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ സംസാരിച്ച മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലെ മണലൂരിലെ ലിസ്റ്റില്‍ തന്റെ പേരുണ്ട്. അതൊഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 16,17 തീയതികളില്‍ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയകമ്മിറ്റി യോഗത്തിന് മുമ്പാകെ ഉമ്മന്‍ ചാണ്ടിയും-രമേശും സ്ഥാനാര്‍ഥികളുടെ പാനല്‍ സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം