ഫുകുഷിമയില്‍ മൂന്നാം സ്‌ഫോടനം, നാലാമത്തെ റിയാക്ടറില്‍ തീ

March 15, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ഭൂകമ്പവും സുനാമിയും പിടിച്ചുലച്ച ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറില്‍ ചൊവ്വാഴ്ച ശക്തമായ സ്‌ഫോടനമുണ്ടായി. മൂന്നാമത്തെ സ്‌ഫോടനമാണിത്. നാലാമത്തെ റിയാക്ടറില്‍ തീ കണ്ടെത്തിയതും കടുത്ത പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
റിയാക്ടറിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ സ്ഥലം വിട്ടുപോകണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ആണവ വികിരണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. എന്നാലും ജനങ്ങള്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാക്ടറുകളെ തണുപ്പിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് മൂന്നാം സ്‌ഫോടനമുണ്ടായത്. കൂടാതെ ആണവ ഉരുകലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. മൂന്നാം റിയാക്ടറിലാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ടു സ്‌ഫോടനങ്ങളുണ്ടായത്. ശീതീകരണസംവിധാനം തകരാറിലായ ഈ റിയാക്ടറിലെ ആണവഇന്ധന ദണ്ഡ് ഉരുകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അങ്ങനെ സംഭവിച്ചാല്‍ അത് മാരകമായ അണുവികിരണത്തിനിടയാക്കും. ഇന്ധനദണ്ഡുകള്‍ ഏറെക്കുറെ പുറത്തുവന്ന ഈ റിയാക്ടറിലേക്ക് പ്രതിസന്ധി ഒഴിവാക്കാന്‍ ശക്തമായി വെള്ളം പമ്പുചെയ്യുന്നുണ്ട്.
ഒന്നാം റിയാക്ടറില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നുള്ള പ്രശ്‌നം ഒഴിവാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് നിലയത്തില്‍ വീണ്ടും രണ്ടു പൊട്ടിത്തെറികള്‍ കൂടിയുണ്ടായത്. ടോക്യോയില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുള്ള ഫുകുഷിമ ഒന്നാംനിലയത്തിലാണ് ഭൂകമ്പത്തെത്തുടര്‍ന്ന് വന്‍കെടുതിയുണ്ടായത്.
എന്നാല്‍ ചെര്‍ണോബില്‍ ദുരന്തത്തിനു സമാനമായൊരു അപകടത്തിന് ജപ്പാനില്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജപ്പാനിലെ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതവും ശക്തമായ ഉരുക്കുപാളികളാല്‍ കവചിതവുമാണ്. ചെര്‍ണോബില്ലില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പുകപടലമായും നീരാവിയായും വികിരണസാധ്യതയുള്ള പദാര്‍ഥങ്ങള്‍ നേരെ പുറന്തള്ളപ്പെടുകയായിരുന്നു.
ജപ്പാന്റെ തീരത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഈ മേഖലയിലെ ആണവവികിരണത്തെത്തുടര്‍ന്ന് തത്കാലത്തേക്ക് പിന്‍വാങ്ങി. ഫുകുഷിമനിലയത്തില്‍ നിന്ന് പുറത്തുവന്ന ആണവവിഷാംശമടങ്ങിയ പുകപടലവും നീരാവിയുമാണ് പ്രശ്‌നം സൃഷ്ടിച്ചത്. ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് യു.എസ്. വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.
ജപ്പാനില്‍ ഭൂകമ്പത്തിലും സുനാമിയിലുമായി മരണം പതിനയ്യായിരം കവിയുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മിയാഗി മേഖലയിലെ തീരങ്ങളില്‍ നിന്ന് മാത്രം തിങ്കളാഴ്ച 2000 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍