ജി.വി.രാജ അവാര്‍ഡുകള്‍ വിതരണം ചെയ്തു

March 30, 2017 കായികം

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജി.വി രാജ അവാര്‍ഡ് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന ജി.വി. രാജ അവാര്‍ഡ് വനിതകളുടെ വിഭാഗത്തില്‍ അന്താരാഷ്ട്ര റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസിനും പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍ നാരായണനുമാണ് ലഭിച്ചത്. നാരായണനുവേണ്ടി മാതാവ് അവാര്‍ഡ് ഏറ്റു വാങ്ങി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന ഒളിംപ്യന്‍ സുരേഷ് ബാബു സ്മാരക ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അത്‌ലറ്റിക്‌സ് പരിശീലകന്‍ പി.ആര്‍. പുരുഷോത്തമന്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.

മികച്ച കായിക പരിശീലകനുള്ള ഒരുലക്ഷം രൂപയുടെ അവാര്‍ഡ് അത്‌ലറ്റിക്‌സ് പരിശീലകനായ പി.ബി. ജയകുമാര്‍ , മികച്ച കായികാധ്യാപകര്‍ക്കുള്ള അരലക്ഷം രൂപയുടെ അവാര്‍ഡുകള്‍, പാല സെന്റ് തോമസ് കോളേജിലെ ആശിഷ് ജോസഫ്, ഇടുക്കി കാല്‍വരി ഹൈസ്‌കൂളിലെ മജുജോസ് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളേജിനുള്ള അരലക്ഷം രൂപയുടെ പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിനും സ്‌കൂളിനുള്ള പുരസ്‌കാരം കോതമംഗലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും സമ്മാനിച്ചു. കേരള കൗമുദി ദിനപത്രത്തിലെ ഡി. സാംപ്രസാദ് മികച്ച സ്‌പോര്‍ട്‌സ് ജേണലിസ്റ്റിനുള്ള പുരസ്‌കാരവും ദേശാഭിമാനി ദിനപത്രത്തിലെ പി.വി. സുജിത്ത് മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരവും ഏഷ്യാനെറ്റ് ന്യൂസിലെ ജോബി ജോര്‍ജ് മികച്ച ദൃശ്യ മാധ്യമ പരിപാടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. സ്‌പോര്‍ട്‌സ് കേരള ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കായിക യുവജനക്ഷേമ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് കായികരംഗത്ത് എഴുനൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സാക്ഷരതാ മിഷന്റെ മാതൃകയില്‍ സാധാരണ ജനങ്ങളെ കായികരംഗത്തോടടുപ്പിക്കുന്ന കായികക്ഷമതാമിഷന്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., കായിക വകുപ്പ് സെക്രട്ടറി ബി. അശോക്, ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, കെ.എം.ബീനാമോള്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കായികം