സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും

April 18, 2017 കേരളം

പത്തനംതിട്ട: സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റാന്നി സര്‍വീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

. നീതി മെഡിക്കല്‍ സ്‌റ്റോറിലൂടെ 10 മുതല്‍ 40 ശതമാനം വരെ വിലകുറച്ച് ഔഷധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കേന്ദ്രീകൃതമായി ഔഷധങ്ങള്‍ വാങ്ങുന്നതിലൂടെ ഇടനിലക്കാരെ ഒഴിവാക്കിയാണ് കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങള്‍ വാങ്ങാന്‍ കഴിയുന്നത്. സുതാര്യമായ പര്‍ച്ചേസ് സംവിധാനം ഏര്‍പ്പെടുത്തി കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതി വിമുക്തമായ സ്ഥാപനമാക്കി മാറ്റിയെന്നും നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പകുതിയിലധികവും പ്രാഥമിക സഹകരണ സംഘങ്ങളുടേതാണ്. അതുകൊണ്ട് ജില്ലാ സഹകരണ ബാങ്കുകളുടെ നിയന്ത്രണം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായിരിക്കണം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജില്ലാ ബാങ്കുകളുടെ ഭരണസംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 104 കോടി രൂപയുടെ നിക്ഷേപവുമായി സ്‌പെഷ്യല്‍ ഗ്രേഡ് പദവിയിലേക്ക് ഉയരുന്ന 98 വര്‍ഷം പഴക്കമുള്ള റാന്നി സര്‍വീസ് സഹകരണ ബാങ്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കട്ടേയെന്ന് മന്ത്രി ആശംസിച്ചു. രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം