നയത്തില്‍ മാറ്റമില്ല:എന്‍.എസ്.എസ്.

March 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിലും എന്‍.എസ്.എസ്. സമദൂരനിലപാടില്‍ ഉറച്ചുനില്‍ക്കും. നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍, വര്‍ഷങ്ങളായി മുന്നണികളോടും രാഷ്ട്രീയപ്പാര്‍ട്ടികളോടും പാലിക്കുന്ന സമദൂരത്തില്‍ മാറ്റംവരുത്തേണ്ട സാഹചര്യമില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കരും സെക്രട്ടറി ജി.സുകുമാരന്‍ നായരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
രാഷ്ട്രീയത്തോടോ മുന്നണിസംവിധാനങ്ങളോടോ ഉള്ള അനിഷ്ടമോ അപ്രിയമോ അല്ല ഇതില്‍ പ്രതിഫലിക്കുന്നത്. സമദൂരം നിഷേധാത്മകമായ അകലമല്ല, സൗഹൃദദൂരമായാണ് എന്‍എസ്എസ് കാണുന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു. രാഷ്ട്രീയനേട്ടങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ല ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്.
ജാതിയുടെ പേരില്‍ സംവരണവിഭാഗങ്ങളിലെ സമ്പന്നര്‍ക്ക് സംവരണവും മറ്റാനുകൂല്യങ്ങളും നല്‍കിയും നായര്‍ സമുദായമടക്കമുള്ള മുന്നാക്കക്കാരിലെ സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ക്ക് ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-സാമൂഹിക അനീതികള്‍ക്കെതിരെയാണ് എന്‍എസ്എസ് ഉറച്ചനിലപാടുകള്‍ എടുത്തിട്ടുള്ളത്. തങ്ങള്‍ ഉന്നയിച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങളോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുഖംതിരിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍, ചെറുത്തുനില്പിന് പറ്റിയ മൂര്‍ച്ചയുള്ള ആയുധമായാണ് സമദൂരത്തെ കാണുന്നതെന്നും പണിക്കരും സുകുമാരന്‍ നായരും പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ ഇന്നയിന്ന ആളുകളെ സ്ഥാനാര്‍ഥികളാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെടുന്നില്ല. ഇന്നവര്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കണമെന്നും പറയാറില്ല. ആരൊക്കെ സ്ഥാനാര്‍ഥികള്‍ ആവുക, ആര് മുഖ്യമന്ത്രിയാവുക എന്നതല്ല പ്രശ്‌നം. അവര്‍ ജനാധിപത്യവും മതേതരത്വവും രാജ്യതാല്പര്യവും പുലത്തുന്നവരും എന്‍എസ്എസ്സിന്റെ ന്യായമായ നിലപാടുകള്‍ അംഗീകരിക്കുന്നവരുമായിരിക്കണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. ഇത് വ്യക്തമായിട്ടും, എന്‍എസ്എസ്സിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ സമുദായവത്കരിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ അവജ്ഞയോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും എന്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സര്‍ക്കാരുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അവരോടുള്ള എതിര്‍പ്പല്ല, ശ്രദ്ധക്ഷണിക്കലാണെന്നും എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന നായര്‍സമുദായത്തിലെ മുഴുവന്‍ പേരെയും സമുദായസംരക്ഷണത്തിനായി സംഘടനയ്ക്കുപിന്നില്‍ അണിനിരത്താന്‍ കണ്ടെത്തിയ മാര്‍ഗമാണ് സമദൂരമെന്നും പണിക്കരും സുകുമാരന്‍ നായരും പറഞ്ഞു. സമുദായത്തിന്റെ പിന്‍ബലമില്ല എന്ന കാരണത്താല്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സമുദായാംഗങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന അവഗണനയ്ക്ക് പരിഹാരമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം