രാജയും രണ്ടു ടെലികോം കമ്പനികളും പ്രതിപ്പട്ടികയില്‍

March 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും രണ്ടു ടെലികോം കമ്പനികളെയും പ്രതിചേര്‍ത്ത് മാര്‍ച്ച് 31-ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിചാരണക്കായി സ്‌പെഷല്‍ പബ്ലിക്കു പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സ്‌പെക്ട്രം കേസന്വേഷിക്കുന്നതിന് പ്രത്യേക കോടതി രൂപവത്കരിച്ച് 29 നകം വിജ്ഞാപനമിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ അന്നേദിവസം തന്നെ നല്‍കാമെന്ന് സി.ബി.ഐ.യും വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ ഒരുതരത്തിലുള്ള സമ്മര്‍ദവും ഇടപെടലും അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളെ കര്‍ക്കശമായിത്തന്നെ നേരിടുമെന്ന് ജസ്റ്റിസ് സിങ്‌വി മുന്നറിയിപ്പുനല്‍കി.
കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.രാജക്കു പുറമെ, സ്വാന്‍, ലൂപ്പ് എന്നീ ടെലികോം കമ്പനികളാണ് സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇതിനുപുറമെ, മറ്റു കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കുറ്റപത്രങ്ങളുണ്ടാകുമെന്ന് സി.ബി.ഐ. വ്യക്തമാക്കി. ചെന്നൈ നഗരത്തില്‍ ടാറ്റയുടെ സ്ഥാപനമായ വോള്‍ട്ടാസ് കമ്പനിക്കുണ്ടായിരുന്ന സ്ഥലം ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവിനു നല്‍കിയത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സി.ബി.ഐ.ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഒരു ടെലികോം കമ്പനിയുടെ സി.ഇ.ഒ.യടക്കം നിരവധി പേരെ ചോദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം