ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും വന്‍ അഗ്‌നിബാധ

March 17, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഫുകുഷിമ: ജപ്പാനില്‍ സ്‌ഫോടനമുണ്ടായ ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും വന്‍ അഗ്‌നിബാധയുണ്ടായത് പ്രതിസന്ധി രൂക്ഷമാക്കി. റിയാക്ടറുകളില്‍നിന്നുള്ള വികിരണച്ചോര്‍ച്ചയുടെ തോത് ഉയരുന്നതും ആശങ്ക പടര്‍ത്തി.
അഗ്‌നിബാധയുണ്ടായതോടെ ഇവിടെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. റിയാക്ടറുകളിലെ ആണവദ്രവീകരണം ഒഴിവാക്കാന്‍ അമിതതാപനം ഇല്ലാതാക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ട അന്‍പതോളം ജീവനക്കാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. റിയാക്ടറിലെ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് എഴുനൂറിലേറെ ജീവനക്കാരെ കഴിഞ്ഞ ദിവസം നടത്തിപ്പുകാരായ ‘ടെപ്‌കോ’ പിന്‍വലിച്ചിരുന്നു.
ശീതീകരണിസംവിധാനം തകരാറിലായ റിയാക്ടറുകളില്‍ അമിതതാപനം തടയാന്‍ വെള്ളം തളിക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകള്‍ എത്തിച്ചിരുന്നു. എന്നാല്‍ വികിരണത്തോത് അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തില്‍ ഈ ശ്രമം നിര്‍ത്തിവെച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
വായുവിലൂടെ മാരകവികിരണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ടോക്യോയില്‍നിന്നു പോലും നൂറുകണക്കിനാളുകള്‍ പലായനം ചെയ്യുകയാണ്. രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ പറഞ്ഞു. അസാധാരണ നടപടിയായി ടെലിവിഷനിലുടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജപ്പാനിലെ സ്ഥിതിഗതി വിശകലനം ചെയ്യാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രതിനിധിസംഘത്തെ ജപ്പാനിലേക്കയച്ചു. ടോക്യോയില്‍ കഴിയുന്ന ഫ്രഞ്ച്പൗരന്മാര്‍ ജപ്പാന്‍ വിടുകയോ തെക്കന്‍മേഖലയിലേക്ക് പോവുകയോ വേണമെന്ന് ഫ്രാന്‍സ് നിര്‍ദേശിച്ചു. ഒഴിപ്പിക്കലിനായി എയര്‍ ഫ്രാന്‍സിന്റെ രണ്ടു വിമാനങ്ങള്‍ ടോക്യോയിലേക്ക് അയച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, തുര്‍ക്കി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങള്‍ ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിമാനക്കമ്പനികള്‍ ഫൈ്‌ളറ്റുകള്‍ റദ്ദാക്കുകയാണ്.സ്‌ഫോടനമുണ്ടായ ഫുകുഷിമ ആണവനിലയത്തില്‍നിന്ന് വികിരണമാലിന്യം കലര്‍ന്ന കാറ്റ് വടക്കുകിഴക്കന്‍ തീരം വഴി ശാന്തസമുദ്രത്തിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വികിരണത്തോത് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിലയത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ചീഫ് കാബിനറ്റ് സെക്രട്ടറി യുകിയൊ എഡാനോ അറിയിച്ചു. സ്‌ഫോടനമുണ്ടായ ഒന്നാം റിയാക്ടറിലെ ആണവദണ്ഡിന്റെ 70 ശതമാനവും രണ്ടാംറിയാക്ടറിലേതിന്റെ 33 ശതമാനവും തകരാറിലായിട്ടുണ്ട്. ശീതീകരണസംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് റിയാക്ടറിന്റെ കേന്ദ്രഭാഗം ഭാഗിക ഉരുകലിന് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം റിയാക്ടറിലെ സംഭരണിയും തകര്‍ന്നതായാണ് സൂചനയെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു.
അതിനിടെ ഭൂകമ്പവും സുനാമിയും വന്‍കെടുതി വിതച്ച മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം രക്ഷാപ്രവര്‍ത്തകരും പോലീസുമാണ് രംഗത്തുള്ളത്. അഞ്ചര ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍