അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘ഊര്‍ജ’ സമാപിച്ചു

May 9, 2017 കായികം

തിരുവനന്തപുരം: സി.ആര്‍.പി.എഫിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘ഊര്‍ജ’ സമാപിച്ചു. സമാപന സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട വിജയികള്‍ക്കുള്ള സമ്മാനദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ടീം ജേതാക്കളായി. വയനാട് ജില്ലാ പഞ്ചായത്ത് അക്കാദമി റണ്ണര്‍ അപ്പായി. തൃശൂര്‍ എഫ്. സി കേരളയ്ക്കാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോവളം ഫുട്‌ബോള്‍ അക്കാദമിയാണ് ജേതാക്കള്‍. മലപ്പുറം ഫുട്‌ബോള്‍ അക്കാദമി റണ്ണര്‍ അപ്പായി . കോഴിക്കോട് കടത്തനാട് രാജാ ഫുട്‌ബോള്‍ അക്കാദമി മൂന്നാം സ്ഥാനം നേടി. ഒന്നാം സമ്മാനം വി.പി. സത്യന്‍ ട്രോഫിയും അമ്പതിനായിരം രൂപയുമാണ് സമ്മാനം. റണ്ണര്‍ അപ്പിന് തോമസ് സെബാസ്റ്റ്യന്‍ ട്രോഫിയും മുപ്പതിനായിരം രൂപയുമാണ് സമ്മാനം. മൂന്നാം സ്ഥാനത്തിന് അബ്ദുല്‍ റഹ്മാന്‍ ട്രോഫിയും ഇരുപതിനായിരം രൂപയും ലഭിച്ചു.

ചടങ്ങില്‍ വ്യവസായകായികയുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മല്‍സരത്തിലെ മികച്ച താരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. സി.ആര്‍.പി. എഫ് എ.ഡി.ജി (സൗത്ത്) ശൈലേന്ദ്രകുമാര്‍, ഡി.ഐ.ജി എ. ശ്രീനിവാസ്, എല്‍.എന്‍.സി.പി ഡയറക്ടര്‍ ഡോ. കിഷോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ഒക്ടോബറില്‍ ആതിഥ്യമരുളുന്നതിന് മുന്നോടിയായി യുവാക്കളില്‍ ഫുട്‌ബോള്‍ അവബോധം വളര്‍ത്താനും പുതുപ്രതിഭകളെ കണ്ടെത്താനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

ആദ്യഘട്ട വിജയികളെ ഉള്‍പ്പെടുത്തി രണ്ടാംഘട്ടം ബംഗളൂരുവിലും, തുടര്‍ന്ന് മൂന്നാം ഘട്ടമായി ആറു സോണുകളില്‍ നിന്നുള്ള വിജയികളെ ഉള്‍പ്പെടുത്തി ഫൈനല്‍ മത്സരങ്ങള്‍ ഡല്‍ഹിയിലും നടക്കും

കൂടുതല്‍ വാര്‍ത്തകള്‍ - കായികം