ശ്യാമമാധവ സന്ധ്യയില്‍ പ്രഭാവര്‍മ്മയെ ആദരിച്ചു

May 12, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: സാഹിത്യ പ്രവര്‍ത്തനത്തില്‍ മാത്രമല്ല സാംസ്‌കാരിക മേഖലകളിലും വ്യാപരിക്കുന്ന വ്യക്തിത്വമാണ് കവി പ്രഭാവര്‍മ്മയുടേതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രഭാവര്‍മ്മയെ ആദരിക്കാന്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ശ്യാമമാധവ സന്ധ്യയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തില്‍ പൗരാണികതയുടെ ആത്മസ്പന്ദങ്ങളുണ്ട്. ശ്യാമമാധവത്തിലെ വരികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന മലയാളികള്‍ പ്രഭാവര്‍മ്മയുടെ രചനാ വൈഭവത്തെയും സ്‌നേഹിക്കുന്നവരാണ്. നമ്മെ അസ്വസ്ഥപ്പെടുത്തുന്ന അനവധി സംഭവങ്ങളുണ്ടാകുന്ന ഈ വര്‍ത്തമാനകാലത്ത് സ്‌നേഹം നിറഞ്ഞ സൃഷ്ടികള്‍ രചിക്കാന്‍ പ്രഭാവര്‍മ്മയ്ക്ക് ഇനിയുമേറെ സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.

സാംസ്‌കാരിക കേരളത്തിന്റെ ആദരമായി പുസ്തകവും പേനയും ആലേഖനം ചെയ്ത ശില്പം നല്‍കി മന്ത്രി പ്രഭാവര്‍മ്മയെ ആദരിച്ചു. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി പ്രഭാവര്‍മ്മയെ പൊന്നാടയണിയിച്ചു. ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രൊഫ. വി.എന്‍. മുരളി അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, പ്രൊഫ. അലിയാര്‍, കാവാലം ശ്രീകുമാര്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എം. രാധാകൃഷ്ണന്‍, സാഹിത്യ നിരൂപക ഡോ. ബെറ്റിമോള്‍ മാത്യൂ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, വൈലോപ്പളളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീത എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍