കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

May 18, 2017 പ്രധാന വാര്‍ത്തകള്‍

anil-madhav-deveന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലുള്ള വസതിയില്‍ വച്ച് രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ദവെ. ആര്‍എസ്എസിലൂടെയാണ് ദവെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമാണ്.

ദവെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദവെയുടെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയും അദ്ദേഹവുമായി പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍