എണ്ണവില താഴ്ന്നു; സെന്‍സെക്‌സ് നേട്ടത്തില്‍

March 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: എണ്ണവിലയില്‍  താഴ്ചയുണ്ടായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 191 പോയന്റ് ഉയര്‍ന്ന് 18,358.69ഉം ദേശീയ സൂചിക നിഫ്റ്റി 61.50 പോയന്റ് ഉയര്‍ന്ന് 5,511.15ലുമാണ് ബുധനാഴ്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്.
കമ്പനികളുടെ നാലാം പാദ മുന്‍കൂര്‍ നികുതി അടവ് കനത്തതോതില്‍ ആയേക്കുമെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് തുണയേകി. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, എല്‍ ആന്‍ഡ് ടി, എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപകര്‍ കാട്ടിയ താല്‍പര്യം വിപണിക്ക് ആവേശം പകര്‍ന്നു. എ.സി.സി, അംബുജം സിമന്റ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ബി.പി.സി.എല്‍ തുടങ്ങിയ മുന്‍നിര ഓഹരികളും നേട്ടമുണ്ടാക്കി. ലോഹം,എണ്ണ,ടെലികോം,റിയാല്‍റ്റി തുടങ്ങിയ മേഖലകളിലും  നേട്ടം നിഴലിച്ചു.
അതിനിടെ, ഭൂകമ്പത്തെയും സൂനാമിയെയും തുടര്‍ന്ന് രണ്ടു ദിവസമായി കനത്ത നഷ്ടത്തില്‍ പതിച്ച ജപ്പാന്‍ വിപണി കരകയറാന്‍ തുടങ്ങി. നിക്കി 5.7 പോയന്റ് നേട്ടത്തിലാണ് ബുധനാഴ്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം