വി.എസ്. മലമ്പുഴയില്‍ മത്സരിക്കും

March 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കളമൊരുങ്ങി. സിറ്റിങ് സീറ്റായ മലമ്പുഴയില്‍ തന്നെയാണ് ഇക്കുറിയും വി.എസ്. മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പാര്‍ട്ടിയുടെ 89 സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിച്ചത്.
നേരത്തെ സി.പി.എം സംസ്ഥാന സമിതി അംഗീകാരം നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വി.എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, വെള്ളിയാഴ്ച കാലത്ത് ചേര്‍ന്ന അവയ്‌ലബിള്‍ പോളിറ്റ്ബ്യൂറോ യോഗം വി.എസിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ അഞ്ചു വര്‍ഷം മുന്‍പ് വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുടെ തനിയാവര്‍ത്തനമായിരിക്കുകയാണ്.
വി.എസ്. മത്സരിക്കുന്നതിനോട് കേന്ദ്ര നേതൃത്വത്തിന് നേരത്തെയും വിയോജിപ്പില്ലായിരുന്നു എന്നാണ് അറിവ്. സംസ്ഥാന സമിതിയില്‍ വി.എസിന്റെ സ്ഥാനാര്‍തിത്വം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍ പി.ബി.യുടെ ഈ നിലപാട് സമിതിയില്‍ അവതരിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, സംസ്ഥാന സമിതിയില്‍ കാരാട്ട് ഇക്കാര്യം അവതരിപ്പിച്ചില്ല എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക തീരുമാനമൊന്നും പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ ഔദ്യോഗിക വിഭാഗത്തിന്റെ ഉരുക്കുകോട്ടയായ കണ്ണൂരിലടക്കം സംസ്ഥാനത്തൊട്ടാകെ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഔദ്യോഗിക പക്ഷത്തുള്ള ചില നേതാക്കള്‍ തന്നെ വി.എസ്. മത്സരിക്കണമെന്ന നിലപാട് സ്വീകരിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്‌നം വീണ്ടും കേന്ദ്ര നേതൃത്വത്തിന്റെ കൈയിലെത്തിയത്. ഇതിനുശേഷമാണ് വെള്ളിയാഴ്ച അവയ്‌ലബിള്‍ പി.ബി. ചേര്‍ന്ന് വി.എസിന് അനുകൂലമായി തീരുമാനം കൈക്കൊണ്ടണ്ടത്. പി.ബി.യുടെ മുന്‍തീരുമാനം സംസ്ഥാന സമിതിക്ക് മുന്‍പാകെ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ളയ്ക്കും എതിരെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത് എന്നും അറിയുന്നു. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍ പിന്നീട് പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം